തിരുവനന്തപുരം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. പോത്തന്‍കോട് സ്വദേശി വൃന്ദയെയാണ് ഭര്‍തൃസഹോദരനായ സുബിന്‍ലാല്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വൃന്ദ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം നടത്തിയശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തയ്യല്‍ക്കടയില്‍ ജോലിചെയ്യുന്നതിനിടെയാണ് വൃന്ദയ്ക്ക് നേരേ ഭര്‍തൃസഹോദരന്‍ ആക്രമണം നടത്തിയത്. കാറിലെത്തിയ പ്രതി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. യുവതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവ് പിന്നാലെ ഓടിയെത്തി തീകൊളുത്തി. ഇതിനുശേഷം സംഭവസ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തു. 

ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ, സുബിന്‍ലാലിനെ ഇഞ്ചയ്ക്കല്‍ ബൈപ്പാസില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാള്‍ അമ്പലത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. 

വധശ്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. വൃന്ദ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: murder attempt against woman in thiruvananthapuram