കാക്കനാട്: യുവതിയെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. പിറവം സ്വദേശിയായ ജോബിന്‍ പോള്‍ റെജി (28)യെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയോടൊപ്പം താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി ഉപദ്രവത്തെത്തുടര്‍ന്ന് ഇയാളില്‍നിന്ന് മാറിത്താമസിക്കുകയായിരുന്നു.ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബര്‍ 13-ന് ബ്രഹ്മപുരം റോഡിലായിരുന്നു ആക്രമണം നടന്നത്.സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്‍തുടര്‍ന്ന ജോബിന്‍, പിറകില്‍ നിന്ന് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

രക്ഷപ്പെട്ടുപോകാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇയാളുടെ ഒപ്പം താമസിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇത് വിസമ്മതിച്ചിനെ തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയത്. തുടര്‍ന്ന്, ഒളിവില്‍പ്പോയ പ്രതിയെ പിറവത്തെ വീട്ടില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍ഫോപാര്‍ക്ക് സി.ഐ. ടി.ആര്‍. സന്തോഷ്, എസ്.ഐ. എസ്. സാജു പോലീസുകാരായ മുരളി, ജയകുമാര്‍, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.