നെടുങ്കണ്ടം: മുന്‍വൈരത്തിന്റെ പേരില്‍ വയോധികയെ പലചരക്കുകടയ്ക്കുള്ളിലിട്ട് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് പേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡംഗവും എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റുമായ അജീഷ് മുതുകുന്നേല്‍ (34), പ്രകാശ്ഗ്രാം എട്ടുപടവില്‍ ബിജു (43), താന്നിമൂട് അമ്മന്‍ചേരില്‍ ആന്റണി (39) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. വധശ്രമം, ആയുധം ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, ഇന്ധനം ദേഹത്തൊഴിച്ച് തീകൊളുത്താന്‍ ശ്രമം, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി 11 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

സ്റ്റേഷനിലെത്തിയശേഷം അജീഷ് പോലീസുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് മറ്റൊരുകേസും ചുമത്തിയിട്ടുണ്ട്. കേസില്‍ ബിജു ഒന്നാം പ്രതിയും സി.പി.ഐ. ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റിയംഗമായിരുന്ന അജീഷ് രണ്ടാം പ്രതിയുമാണ്. തൂക്കുപാലത്തിന് സമീപം പ്രകാശ്ഗ്രാം മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68)യ്ക്കെതിരേയാണ് ആക്രമണമുണ്ടായത്. തലയിലൂടെ അജീഷ് പെട്രോളൊഴിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിച്ചെന്നുമാണ് തങ്കമണിയമ്മ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.കമ്പിവടികൊണ്ടുള്ള ആക്രമണത്തില്‍ തങ്കമണിയുടെ ദേഹമാസകലം പരിക്കുമേറ്റിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് അജീഷ് മുതുകുന്നേലിനെ സി.പി.ഐ.യുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

അജീഷിനെതിരേ പോലീസ് വൈരത്തോടെ പ്രവര്‍ത്തിക്കുന്നു - എ.ഐ.വൈ.എഫ്

നെടുങ്കണ്ടം: എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റായ അജീഷ് മുതുകുന്നേലിനെ സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി അഡ്വ.വി.എസ്.അഭിലാഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പോലീസ് അജീഷിനോട് മുന്‍വൈരം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എ.ഐ.വൈ.എഫ്. ആരോപിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കസ്റ്റഡിയിലെടുത്ത അജീഷിനെ 24 മണിക്കൂറിന് ശേഷവും കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് തയ്യാറായില്ല. ഈ സമയപരിധി പാലിക്കാന്‍ അറസ്റ്റ് സമയം തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.

രാജ്കുമാര്‍ കസ്റ്റഡിമരണം ഉള്‍പ്പെടെയുള്ള കേസുകളില്‍ നെടുങ്കണ്ടം പോലീസിനെതിരേ ശക്തമായ സമരങ്ങള്‍ക്ക് അജീഷ് നേതൃത്വം നല്‍കിയിരുന്നതില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ വൈരം തീര്‍ക്കുവാന്‍ ഇല്ലാത്തവകുപ്പുകള്‍ ചാര്‍ജ് ചെയ്യുകയായിരുന്നു.

ഇദ്ദേഹത്തെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി കമ്മിറ്റി രൂപവത്കരിച്ചു. എ.ഐ.വൈ.എഫ്. സംസ്ഥാന കൗണ്‍സില്‍ അംഗം വി.ആര്‍.പ്രമോദ്, അഡ്വ.കെ.ജെ.ജോയിസ്, അഡ്വ. സെല്‍വം കണ്ണന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി ആനന്ദ് വിളയില്‍, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടി എന്നിവര്‍ അറിയിച്ചു.