കരുനാഗപ്പള്ളി: പ്രവാസിയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ആലുവ കാഞ്ഞൂര്‍ നെടുപുറത്തുവീട്ടില്‍ ഗോകുല്‍ (25), കാഞ്ഞൂര്‍ പയ്യപ്പള്ളില്‍വീട്ടില്‍ അരുണ്‍ ജോര്‍ജ് (28) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

തേവലക്കര അരിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഷിനു പീറ്റര്‍ (23), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ മുക്താര്‍ മന്‍സിലില്‍ ഉമറുള്‍ മുക്താര്‍ (22), പള്ളിശ്ശേരിക്കല്‍ പാട്ടുപുര കുറ്റിയില്‍ വടക്കതില്‍ മുഹമ്മദ് സുഹൈല്‍ (23) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.

സൗദി അറേബ്യയില്‍ വാട്ടര്‍ സപ്ലൈ ബിസിനസ് നടത്തിവന്നിരുന്ന കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കോഴിക്കോട് പ്രൊഫസര്‍ ബംഗ്ലാവില്‍ അബ്ദുല്‍ സമദി(46)നെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അബ്ദുല്‍ സമദിനെ കൊലപ്പെടുത്താന്‍ ബന്ധുകൂടിയായ ഹാഷിം രണ്ടുലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരിനല്ലൂര്‍ സ്വദേശി ഷിനു പീറ്റര്‍ എറണാകുളത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ സംഘത്തിലുള്ള രണ്ടുപേരുമായി ചേര്‍ന്ന് ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു. ഗള്‍ഫില്‍നിന്നു ഹാഷിം വാട്സാപ്പ് വഴി അബ്ദുള്‍ സമദിന്റെ ചിത്രം ഷിനുവിനു കൈമാറുകയും സുഹൈലിനെക്കൊണ്ട് കാര്‍ വാടകയ്‌ക്കെടുത്ത് നല്‍കുകയും ചെയ്തു. മുന്‍കൂറായി 40,000 രൂപ സുഹൈല്‍വഴിയും പള്ളിശ്ശേരിക്കല്‍ സ്വദേശിയായ മറ്റൊരാള്‍ വഴിയും ഷിനുവിന് കൈമാറിയിരുന്നതായും പോലീസ് പറഞ്ഞു.

ഒക്ടോബര്‍ 24-ന് രാത്രി എട്ടരയോടെ കരുനാഗപ്പള്ളി മാര്‍ക്കറ്റ്-കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്‍ഡ് റോഡില്‍വെച്ചാണ് അബ്ദുല്‍ സമദിനെ ആക്രമിച്ചത്. കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയശേഷം കമ്പിവടികൊണ്ട് അടിച്ച് സാരമായി പരിക്കേല്‍പ്പിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

കരുനാഗപ്പള്ളിമുതല്‍ ശാസ്താംകോട്ടവരെയുള്ള സി.സി.ടി.വി.ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചതിന്റെ അടിസ്ഥനത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചത്. അറസ്റ്റിലായ അരുണ്‍ ജോര്‍ജ് എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എ.സി.പി. ഷൈനു തോമസിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ഓമനക്കുട്ടന്‍, എ.എസ്.ഐ.മാരായ ഷാജിമോന്‍, സി.പി.ഒ. സലിം എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Content Highlights: murder attempt against nri businessman in karunagappally