പരവൂര്‍ : ഹോട്ടല്‍ വ്യാപാരത്തിലെ കുടിപ്പകയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂര്‍ കോലോത്ത് പറമ്പില്‍ മുഹാസീര്‍ (29), കുണ്ടറ ചരുവിള പുത്തന്‍ വീട്ടില്‍ സുരേഷ്ബാബു (51), പരവൂര്‍ കൂനയില്‍ പുത്തന്‍വിള വീട്ടില്‍ രഞ്ജിത്ത് (34) എന്നിവരാണ് പോലീസ് പിടിയിലായത്.

പരവൂരില്‍ ഹോട്ടല്‍ ഉടമയായ പ്രവീണും സുഹൃത്തുമാണ് അക്രമത്തിനിരയായത്. പരവൂരിലെ സ്വകാര്യ ബാറില്‍ ജീവനക്കാരനായിരുന്ന പ്രവീണ്‍ അവിടത്തെ ജോലി മതിയാക്കി ബാറിനു സമീപത്തായി ഹോട്ടല്‍ തുടങ്ങിയതിലുള്ള വിരോധമാണ് വധശ്രമത്തില്‍ എത്തിയത്.

ഹോട്ടല്‍ ബാറിലെ കച്ചവടത്തെ ബാധിച്ച വിരോധത്തിലാണ് പ്രതികള്‍ പ്രവീണിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മുന്‍പും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ച രാത്രി സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മൊബൈല്‍ കടയില്‍ എത്തിയ പ്രവീണിനെ പിന്‍തുടര്‍ന്നെത്തിയ സംഘം വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചു. ഇവര്‍ വന്ന കാറും അക്രമികള്‍ തല്ലിത്തകര്‍ത്തു. അരമണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. പരവൂര്‍, ചാത്തന്നൂര്‍, പാരിപ്പള്ളി സ്റ്റേഷനുകളില്‍നിന്ന് പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.