നിലമ്പൂര്‍: മമ്പാട് വ്യവസായിയുടെ കുടുംബത്തെ വീടിന് തീവെച്ചുകെല്ലാന്‍ ക്വട്ടേഷന്‍ എടുത്ത സംഘത്തിലെ പ്രധാന പ്രതി നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി.

എറണാകുളം ഇടപ്പള്ളിയില്‍നിന്നാണ് നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി തെക്കരത്തൊടിക ഷാബിര്‍ റുഷ്ദിനെ (30) നിലമ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

2020 ഡിസംബര്‍ 14-ന് ആണ് കേസിനാസ്പദമായ സംഭവം. പത്തുലക്ഷം രൂപ വിലയുള്ള രണ്ട് കാറുകളാണ് കത്തി നശിച്ചത്. മമ്പാട് സ്വദേശിയും വ്യവസായിയുമായ എ.കെ. സിദ്ധീഖും കുടുംബവും തലനാരിഴയ്ക്കാണ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.

ഏറെ കേസുകളിലെ പ്രതിയും ഗുണ്ടാസംഘത്തിലെ അംഗവുമാണ് അറസ്റ്റിലായ ഷാബിര്‍ റുഷ്ദ്. സംഭവത്തിനുശേഷം എറണാകുളം, ബെംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഗുണ്ടാപ്രവര്‍ത്തനം നടത്തിവരികയായിരുന്ന പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു.

ക്വട്ടേഷന്‍ കൊടുത്തെന്ന് ആരോപണമുള്ള റീഗള്‍ എസ്റ്റേറ്റ് ഉടമ മുരുകേഷ് നരേന്ദ്രന്‍, കൂട്ടുപ്രതികളായ ജയ മുരുകേശ,് ഇവരുടെ മകന്‍ കേശവ് മുരുകേഷ്, മാനേജര്‍ അനില്‍ പ്രസാദ് എന്നിവര്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം എടുത്തശേഷം അടുത്തിടെ നിലമ്പൂര്‍ പോലീസില്‍ കീഴടങ്ങിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

നിലമ്പൂര്‍ സി.ഐ. എം.എസ.് ഫൈസല്‍, എസ്.ഐമാരായ കെ.എസ്. സൂരജ്, എം. അസൈനാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷീബ, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് ചെഞ്ചിലിയന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ട് പ്രതികളെകൂടി പിടികൂടാനുണ്ട്.

Content Highlights: murder attempt against businessman in mampad main accused arrested