വര്‍ക്കല: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ചെറുന്നിയൂര്‍ മുടിയാക്കോട് ചരുവിള വീട്ടില്‍ ടോണി(28)യെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇയാളുടെ സ്ഥാപനത്തിലെ ഡ്രൈവറായ പൊള്ളാച്ചി വിനായകനഗര്‍ വലിയമണ്ണല ഡോര്‍ നമ്പര്‍ 593-ല്‍ ബാലകൃഷ്ണനാ(29)ണ് പിടിയിലായത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ടോണി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 11-ന് വര്‍ക്കല സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. ടോണിയുടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനായ ആനന്ദിനെ അമൃത എക്സ്പ്രസില്‍ കയറ്റിവിടാനാണ് ഇവര്‍ കാറില്‍ സ്റ്റേഷനിലെത്തിയത്. ടോണിയുടെ ഭാര്യ കാറിലും മറ്റുള്ളവര്‍ പ്ലാറ്റ്ഫോമിലും ഇരിക്കുകയുമായിരുന്നു. തീവണ്ടി വരുന്നതിന് തൊട്ടുമുമ്പ് ടോണിയുടെ പിന്നിലെത്തിയ ബാലകൃഷ്ണന്‍ കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. രക്തത്തില്‍ക്കുളിച്ച് ടോണി നിലവിളിച്ച് പുറത്തേക്കോടിയപ്പോഴാണ് സമീപത്തുണ്ടായിരുന്നവര്‍ വിവരമറിഞ്ഞത്. 

പരിക്കേറ്റ ടോണിയെ വര്‍ക്കല താലൂക്കാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവശേഷം ബാലകൃഷ്ണന്‍ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചു. തീവണ്ടിയില്‍ കയറി നാടുവിടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. പോലീസും റെയില്‍വേ പോലീസും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. 

രണ്ടാഴ്ച മുമ്പ് കല്ലമ്പലത്ത് ബാലകൃഷ്ണന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ടോണിയാണ് ഇയാളെ കേസില്‍ നിന്ന് രക്ഷിക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് ടോണിയുടെ സ്ഥാപനത്തില്‍ ഡ്രൈവറായി. ദിവസങ്ങള്‍ക്കുമുമ്പ് സുഹൃത്ത് ആനന്ദുമായി ബാലകൃഷ്ണന്‍ അടിപിടിയുണ്ടാക്കിയത് ടോണി തടയുകയും പറഞ്ഞുവിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ടോണിയെ ആക്രമിച്ചതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

ബാലകൃഷ്ണന്‍ തമിഴ്നാട്ടിലും കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പൊള്ളാച്ചിയില്‍ ബൈക്ക് കത്തിച്ച കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വര്‍ക്കല സി.ഐ. പി.വി.രമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. പ്രൈജു, എ.എസ്.ഐ. സുരേഷ്‌കുമാര്‍, പോലീസുകാരായ സിബി, സെമീര്‍, സാജന്‍, റെയില്‍വേ പോലീസിലെ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.