ആലുവ: തായിക്കാട്ടുകരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ മൂന്നു പേരെയും റിമാന്‍ഡ് ചെയ്തു.
തായിക്കാട്ടുകര കെ.എസ്.ആര്.ടി.സി. ഗാരേജിനു സമീപം മുക്കത്ത് പ്ലാസ ബില്‍ഡിങ്ങില്‍ ബിലാല്‍ എന്ന് വിളിക്കുന്ന ശ്രീജിത്ത് (22), അശോകപുരം പള്ളിക്കുന്ന് ടവറിന് സമീപം തെറുള്ളിയില് വീട്ടില്‍ എബിന് (20), കളമശ്ശേരി പള്ളിപ്പുറം പുത്തലത്ത് പതുവനയില് വാടകയ്ക്ക് താമസിക്കുന്ന രഞ്ജിത് (19) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ബിലാല്‍ എന്ന ശ്രീജിത്ത് ഒന്നാം പ്രതിയും എബിന് നാലാം പ്രതിയും രഞ്ജിത് അഞ്ചാം പ്രതിയുമാണ്. തായിക്കാട്ടുകര ശ്രീനാരായണപുരം സ്വദേശി വള്ളൂരകത്തൂട്ട് ഷൈജു (38) വിനു നേരെയാണ് ഓഗസ്റ്റ് 11ന് രാത്രി വടിവാള്‍ ആക്രമണം നടന്നത്. നാലര വര്‍ഷം മുമ്പ് എടയപ്പുറം ടൗണ്‍ഷിപ്പ് റോഡില്‍ വച്ച് കൊല്ലപ്പെട്ട തായിക്കാട്ടുകര സ്വദേശി ഹണിയുടെ പിതൃസഹോദരന്റെ മകനാണ് ഷൈജു. ഹണി വധക്കേസിലെ പ്രധാന പ്രതിയാണ് ബിലാല്‍ എന്ന ശ്രീജിത്ത്.
ബിലാലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം എസ്.എന്‍. പുരത്തു വച്ചാണ് ഷൈജുവിനെ ആക്രമിച്ചത്. കൈ ഞരമ്പ് മുറിഞ്ഞും നെഞ്ചില്‍ മുറിവേറ്റും ഷൈജു അവശ നിലയിലായിരുന്നു.
മൂന്നാം പ്രതിയായ ചേലാക്കുന്ന് ടിന്റുവുമായി നേരത്തെയുണ്ടായിരുന്ന അടിപിടിയെ തുടര്‍ന്നുള്ള മുന്വിരോധത്തിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രന്റെ നേതൃത്വത്തില്‍ ആലുവ സി.ഐ. വിശാല്‍ ജോണ്സണ്, എസ്.ഐ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.