ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊലക്കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കി. ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കുട്ടികളെ ബന്ദികളാക്കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ് ഗ്രാമത്തിലെ കുട്ടികളെ വീട്ടില്‍ വിളിച്ചുവരുത്തി ബന്ദികളാക്കിയത്. ഇയാളുടെ സ്വന്തം മകളും ഭാര്യയും ബന്ദികളാക്കപ്പെട്ടവരിലുണ്ടെന്നാണ് വിവരം. കുട്ടികളെ മോചിപ്പിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയും ബോംബെറിയുകയും ചെയ്തു. ഇതോടെ പോലീസ് തത്കാലം പിന്‍വാങ്ങുകയായിരുന്നു. 

മകളുടെ ജന്മദിനമാണെന്നാണ് പറഞ്ഞാണ് സുഭാഷ് ഗ്രാമത്തിലെ മറ്റുള്ള കുട്ടികളെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചുവരാതിരുന്നതോടെ മാതാപിതാക്കള്‍ അന്വേഷിച്ചെത്തി. ഇതോടെയാണ് സുഭാഷ് കുട്ടികളെ വീട്ടിനുള്ളില്‍ ബന്ദികളാക്കിയിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. 

വിവരമറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മണിക്കൂറുകളായി തടവില്‍ കഴിയുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. എന്നാല്‍ സുഭാഷ് അക്രമാസക്തനായതോടെ കരുതലോടെ ഇടപെടാനാണ് പോലീസിന്റെ തീരുമാനം. ഇതിനിടെ ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കാന്‍പുര്‍ ഐജിയുടെ നേതൃത്വത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കമാന്‍ഡോകളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നത് ഒഴിവാക്കാനാണ് പോലീസിന്റെ ശ്രമമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Content Highlights: murder accused holds many children in hostage farrukhabhad, uttarpradesh