മൂന്നാര്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന മൂന്നാര്‍ മുന്‍പഞ്ചായത്തംഗം തമിഴ്‌നാട്ടിലേക്കു കടന്നു. പോലീസ് വിവരശേഖരണത്തിനായി ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാട്ടിലാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. തട്ടിപ്പിനിരയായവരോ, പട്ടികജാതി വകുപ്പോ പരാതി നല്‍കാത്തതിനാല്‍ ഇതുവരെ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ല. രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ അന്വേഷണം നടത്തി വരുകയാണ്.
ബിരുദം മുതലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പഠിക്കുന്ന തോട്ടം മേഖലയിലെ പട്ടികജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമാണ് മൂന്നാര്‍ പഞ്ചായത്തിലെയും, ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെയും ചില അംഗങ്ങള്‍ തട്ടിയെടുത്തതായി ആരോപണം ഉയര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠനം നിര്‍ത്തിയ കുട്ടികളുടെ പേരില്‍ തമിഴ്‌നാട്ടിലെ കോളേജുകളുടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കിയും ഇവര്‍ പണം തട്ടിയെടുത്തു.
മേഖലയിലെ രണ്ട് അധ്യാപകരാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിനല്‍കിയത്. പഞ്ചായത്തംഗങ്ങളും അധ്യാപകരും ചില ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള സംഘം രണ്ടുവര്‍ഷത്തിനിടയില്‍ 15 ലക്ഷത്തിലധികം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. സ്‌കോളര്‍ഷിപ്പ് വാങ്ങിനല്‍കാമെന്നു പറഞ്ഞ് വിദ്യാര്‍ഥികളും പഠനം നിര്‍ത്തിയവരുമായ കുട്ടികളില്‍നിന്ന് ബാങ്ക് പാസ്ബുക്കും, എ.ടി.എം.കാര്‍ഡും പഞ്ചായത്തംഗങ്ങള്‍ കൈക്കലാക്കിയാണ് പണം തട്ടിയെടുത്തത്.
പണം നഷ്ടപ്പെട്ടവിവരം തട്ടിപ്പിനിരയായവരില്‍ പലരും ഇതുവരെ അറിഞ്ഞിട്ടില്ല. പാസ്ബുക്കും, എ.ടി.എം.കാര്‍ഡും പഞ്ചായത്തംഗങ്ങള്‍ കൈക്കലാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും മടക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് ചില വിദ്യാര്‍ഥികള്‍ മറ്റുള്ളവരോട് പരാതി പറഞ്ഞതോടെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.
പരാതിയുമായി കെ.പി.എം.എസ്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായം തട്ടിയെടുത്തതിനെതിരേ പരാതിയുമായി കെ.പി.എം.എസ്. രംഗത്ത്. തട്ടിപ്പു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിക്ക് പരാതി നല്‍കും. തട്ടിപ്പ് നടത്തിയവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച ദേവികുളത്തുള്ള പട്ടികജാതി വികസന ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റിയംഗം രാജന്‍ പറഞ്ഞു.
Content Highlights: munnar sc st scholarship scam