മൂന്നാർ: ഒരാഴ്ച മുൻപ് കാണാതായ തോട്ടം തൊഴിലാളിയെ കണ്ടെത്തുന്നതിന് പോലീസ് വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് മൂന്നാർ എസ്.എച്ച്.ഒ. കെ.ആർ.മനോജ്, എസ്.ഐ. ടി.എം.സൂഫി എന്നിവരുടെ നേതൃത്വത്തിൽ കടലാർ ഈസ്റ്റ് ഡിവിഷനിലെ ചോലക്കാടുകളും മറ്റും പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല.

20-നാണ് കടലാർ ഈസ്റ്റ് ഡിവിഷനിൽ ധനശേഖറിനെ (38) ജോലിക്കിടയിൽ കാണാതായത്. രാവിലെ 9.30-ന് മറ്റു തൊഴിലാളികൾക്ക് ചായ വാങ്ങാനായി കാന്റീനിലേക്ക് പോകുന്നതിനിടയിലാണ് കാണാതായത്. രാവിലെ ചോലക്കാട്ടിൽ നിന്ന് പുലിയുടെ മുരൾച്ച കേട്ടതായി തൊഴിലാളികൾ പറഞ്ഞതിനെ തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കുറെ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.

അൻപതിലധികം തൊഴിലാളികളെയും അടുത്ത ബന്ധുക്കളെയും പോലീസ് ഒരാഴ്ചക്കിടയിൽ ചോദ്യം ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രണ്ടാഴ്ച മുൻപ് കടലാർ എസ്റ്റേറ്റിലെ സ്റ്റോർറൂം തകർത്ത് വില പിടിപ്പുള്ള കീടനാശിനി മോഷണം പോയിരുന്നു.

ഇതുസംബന്ധിച്ച് ധനശേഖറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച ഇയാളെ കാണാതായത്.

മോഷണം നടത്തുന്നത് ഇയാൾ കണ്ടിരിക്കാമെന്നും ചോദ്യം ചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തുമെന്ന സംശയത്തിൽ മറ്റുള്ളവർ ഇയാളെ ഒളിപ്പിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം. ഭർത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ധനശേഖറിന്റെ ഭാര്യ ഗീത തിങ്കളാഴ്ച മൂന്നാർ ഡിവൈ.എസ്.പി.ക്ക് പരാതി നൽകി.

സംഭവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.