മൂന്നാര്‍: ഹോട്ടല്‍മുറികളില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുമെന്ന് അറിയിച്ചുകൊണ്ട് വെബ്‌സൈറ്റില്‍ പരസ്യം നല്‍കി തട്ടിപ്പ്. മൂന്നാര്‍ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ പണം നഷ്ടപ്പെട്ടു. നാണക്കേടോര്‍ത്ത് ആരും പരാതി നല്‍കാത്തതിനാല്‍ അന്വേഷണം നടക്കുന്നില്ല.

'ലോക്കാന്റോ' എന്ന പേരിലുള്ള സൈറ്റ് വഴിയാണ് തട്ടിപ്പ്. വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പരും വിവരങ്ങളും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ നമ്പരുകളില്‍ വിളിച്ചാല്‍ പുരുഷന്മാരാണ് കോളെടുക്കുന്നത്. യുവതികളേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച ശേഷം പണം നല്‍കാന്‍ ആവശ്യപ്പെടും. മണിക്കൂറിന് മൂവായിരവും ഒരു രാത്രിക്ക് 8000 മുതല്‍ 10,000 രൂപയുമൊക്കെയാണ് നല്‍കേണ്ടത്. ഗൂഗിള്‍ പേ, ഫോണ്‍ പേ നമ്പരുകളും അയച്ചുനല്‍കും. പണം കിട്ടിയാല്‍ യുവാക്കള്‍ പറയുന്ന തീയതിയില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുമെന്ന് അറിയിക്കും. മുറിയെടുക്കേണ്ട ഹോട്ടലുകളുടെ വിവരങ്ങളും തരും. ഇവിടെ പോയി മുറിയെടുത്ത് മണിക്കൂറുകള്‍ കാത്തിരുന്നാലും ആരും എത്തില്ല.

മുന്‍പ് ബന്ധപ്പെട്ട നമ്പരില്‍ വിളിക്കാന്‍ ശ്രമിച്ചാല്‍ ഫോണ്‍ സ്വിച്ചോഫ് ആയിരിക്കും. മണിക്കൂറുകളോളം കാത്തുകിടക്കുന്ന യുവാക്കള്‍ തട്ടിപ്പ് മനസ്സിലാകുന്നതോടെ മടങ്ങും.

കാത്ത് കിടപ്പ് പതിവായി

അവധി ദിവസങ്ങളില്‍ രാത്രി സമയങ്ങളില്‍ പ്രമുഖ ഹോട്ടലുകളുടെ മുന്‍പില്‍ വാഹനങ്ങളിലെത്തുന്ന യുവാക്കള്‍ കാത്തുകിടക്കുന്നത് പതിവായി. ഇതേ തുടര്‍ന്ന് ഹോട്ടലധികൃതര്‍ കാര്യമന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച് വിവരമറിയുന്നത്. എന്നാല്‍, മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ മുതിരാതെ ഇവര്‍ മടങ്ങുകയാണ് പതിവ്. പരാതികള്‍ നല്‍കാന്‍ ആരും തയ്യാറാകാത്തതിനാല്‍ തട്ടിപ്പ് തുടര്‍ന്നുവരുകയാണ്. മൂന്നാറുകാരായ ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി സംശയമുണ്ട്.

Content Highlights: munnar call girls fraud via locanto website many lost their money