മാവേലിക്കര: നഗരസഭാവാഹനം തടഞ്ഞതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ എസ്.ഐ. എന്‍.രാജേന്ദ്രന്റെ (53) മുഖത്ത് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സ്വകാര്യ വ്യക്തിയുടെ കെട്ടിടം പൊളിച്ചതിന്റെ മാലിന്യവുമായി പോയ നഗരസഭാ വക വാഹനം നഗരസഭാ മുന്‍ കൗണ്‍സിലറും ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായ ബിനു വര്‍ഗീസ് തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ചൊവ്വാഴ്ച രാവിലെ 11ന് പുതിയകാവ് ജങ്ഷന് കിഴക്കായിരുന്നു സംഭവം. സമീപത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ഭിത്തി പൊളിച്ചതിന്റെ ഇഷ്ടികയും മറ്റും നഗരസഭാ വാഹനത്തില്‍ കയറ്റി പുതിയകാവ് മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകവേ ബിനു വര്‍ഗീസ് തന്റെ സ്‌കൂട്ടര്‍ റോഡിന് കുറുകെവച്ച് വാഹനം തടഞ്ഞു. നഗരസഭാധികൃതര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയെങ്കിലും സ്‌കൂട്ടര്‍ മാറ്റാന്‍ ബിനു തയ്യാറായില്ല.

ജില്ലാ ആസ്പത്രിക്ക് സമീപത്തുള്ള സ്ഥലത്തെ മാലിന്യങ്ങള്‍ ആദ്യം എടുത്തുമാറ്റണമെന്ന നിലപാടെടുത്ത ബിനു വര്‍ഗീസ് വാഹനത്തിന് മുന്നില്‍നിന്ന് മാറാഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് എസ്.ഐ.ക്ക് പരിക്കേറ്റത്.

കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരില്‍ ബിനുവിനെ കസ്റ്റഡിയിലെടുത്ത പോലീസ് നേരത്തെയുള്ള കേസിലെ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ബിനുവിനെ ജാമ്യത്തില്‍ വിട്ടു. എന്നാല്‍, ചില പോലീസുകാര്‍തന്നെയാണ് മര്‍ദ്ദിച്ചതെന്നും വലതു കൈക്ക് പരിക്കുണ്ടെന്നും ബിനു വര്‍ഗീസ് പറഞ്ഞു.