അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് 21000 കോടിയുടെ ഹെറോയിന്‍ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് എട്ടുപേര്‍. അഞ്ച് വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഡി.ആര്‍.ഐ. സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ നാലുപേര്‍ അഫ്ഗാന്‍ പൗരന്മാരും ഒരാള്‍ ഉസ്ബക്കിസ്ഥാന്‍ സ്വദേശിയുമാണ്. 

തിങ്കളാഴ്ചയാണ് മുന്ദ്ര തുറമുഖത്ത് രണ്ട് കണ്ടെയ്‌നറുകളിലായി എത്തിച്ച മൂന്ന് ടണ്ണോളും ഹെറോയിന്‍ ഡി.ആര്‍.ഐ. പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഹെറോയിന്‍ ഇറാന്‍ വഴിയാണ് ഗുജറാത്തിലെ തുറമുഖത്തേക്ക് അയച്ചത്. വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയുടെ പേരിലാണ് ഇവ എത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് ആഷി ട്രേഡിങ് കമ്പനി ഉടമകളായ സുധാകറിനെയും ഭാര്യ ദുര്‍ഗ വൈശാലിയെയും ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തിരുന്നു. 

ഇതേ കമ്പനിയുടെ പേരില്‍ മൂന്നുമാസം മുമ്പ് വന്ന മറ്റൊരു കണ്ടെയ്‌നറിനെ സംബന്ധിച്ചും അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്. അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ ഹസന്‍ ഹുസൈന്‍ ലിമിറ്റഡ് എന്ന കമ്പനി നിമ്രൂസ് പ്രവിശ്യയില്‍നിന്ന് കയറ്റിയയച്ച ടാല്‍ക്കം കല്ലുകളുടെ മറവിലാണ് ഹെറോയിന്‍ ഒളിച്ചുകടത്തിയത്. ആഷി ട്രേഡിങ് കമ്പനി കാണ്ഡഹാറില്‍നിന്ന് ഇതിന് മുമ്പ് നടത്തിയ ഇറക്കുമതികളും ഇതോടെ സംശയനിഴലിലാണ്. 

അതിനിടെ, ഹെറോയിന്‍ പിടിച്ചെടുത്ത സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും(ഇ.ഡി) അന്വേഷണം നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈയാഴ്ച തന്നെ കള്ളപ്പണം വെളുപ്പില്‍ നിരോധനനിയമപ്രകാരം ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന. ഇ.ഡി. ഡയറക്ടര്‍ സഞ്ജയ് മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഹെറോയിന്‍ കടത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിശദമായ അന്വേഷണമാകും നടക്കുക. കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ ഇവരുടെ സ്വത്ത് പിടിച്ചെടുക്കുന്നതിലേക്കും കടക്കും. 

Content Highlights: mundra port heroin case eight arrested by dri and ed will probe the case