മുംബൈ: എം.പിമാരെയും എം.എല്‍.എമാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും അശ്ലീല വീഡിയോ കോളില്‍ കുടുക്കി പണം തട്ടാന്‍ ലക്ഷ്യമിട്ട സംഘം പിടിയില്‍. രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നു പേരെയാണ് മുംബൈ പോലീസ് പിടികൂടിയത്. ജനപ്രതിനിധികള്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റ് ഉന്നതരെയും സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കി പണം തട്ടാന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറഞ്ഞു. സമൂഹത്തിലെ പല ഉന്നതരും ഇവരുടെ കെണിയില്‍പ്പെട്ടതായും പോലീസ് സംശയിക്കുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചായിരുന്നു ഇവര്‍ കെണിയൊരുക്കിയിരുന്നത്. 171 വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും നാല് ടെലഗ്രാം ചാനലുകളും പ്രതികള്‍ക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 54 മൊബൈല്‍ ഫോണുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ 58 ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പണം തട്ടാന്‍ ലക്ഷ്യമിടുന്ന ആളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിക്കലാണ് ആദ്യഘട്ടം. ഇവരുമായി നിരന്തരം ചാറ്റ് ചെയ്ത ശേഷം സംസാരം വീഡിയോ കോളിലേക്ക് വഴി മാറും. പിന്നാലെ വാട്‌സാപ്പ് നമ്പര്‍ കരസ്ഥമാക്കുകയും അശ്ലീലവീഡിയോ കോള്‍ ആരംഭിക്കുകയും ചെയ്യും. ഇതെല്ലാം മറ്റൊരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യും. ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചാണ് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നത്. ആദ്യം ചെറിയ തുക ആവശ്യപ്പെടുന്ന സംഘം ഇത് ലഭിക്കുന്നതോടെ വലിയ തുകയാണ് ചോദിച്ചിരുന്നത്. ഇത്തരത്തില്‍ പണം നഷ്ടമായ ഒരാള്‍ പരാതി നല്‍കിയതോടെയാണ് മുംബൈ പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Content Highlights: mumbai police arrested sextortion gang