മുംബൈ:  വയോധികയെ വീട്ടിനുള്ളില്‍വെച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുംബൈ കല്ല്യാണില്‍ നടന്ന ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

വെള്ളം സൂക്ഷിക്കുന്ന വീപ്പയില്‍നിന്നും വെള്ളത്തിന്റെ പൈപ്പ് എടുത്ത് മാറ്റിയതിനാണ് 75-കാരിയെ ഭര്‍ത്താവ് മര്‍ദിച്ചത്. കസേരയിലിരിക്കുന്ന വയോധികയെ ബക്കറ്റ് കൊണ്ട് അടിക്കുന്നതും പിന്നീട് കസേരയില്‍നിന്ന് പിടിച്ചുമാറ്റി മുഖത്തടിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. മര്‍ദനത്തിനിടെ തല്ലരുതെന്ന് വയോധിക പലതവണ കരഞ്ഞുപറഞ്ഞിട്ടും ഭര്‍ത്താവ് കേട്ടില്ല. സംഭവസമയം വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും ഇത് തടയാന്‍ ശ്രമിച്ചില്ല. 

വയോധികയുടെ കൊച്ചുമകനാണ് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചത്. ഇത് പിന്നീട് സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതോടെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസും അന്വേഷണം നടത്തി. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കാന്‍ വയോധിക തയ്യാറായില്ലെന്നാണ് പോലീസ് പറഞ്ഞത്. തുടര്‍ന്ന് വീഡിയോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

വിവരമറിഞ്ഞ് പ്രാദേശിക ശിവസേന നേതാക്കളും 75-കാരിയുടെ വീട്ടിലെത്തി. ഇത്രയും ക്രൂരമായ മര്‍ദനം നടന്നിട്ടും അത് തടയാന്‍ ശ്രമിക്കാതിരുന്ന മരുമകളെ ഇവര്‍ ചോദ്യംചെയ്തു. വീഡിയോ പുറത്തായിട്ടും ആരും തന്നെ മര്‍ദിച്ചിട്ടില്ലെന്നാണ് വയോധിക പറഞ്ഞതെന്നും ശിവസേന നേതാക്കള്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ തന്നെ സംരക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ അവസ്ഥ കണ്ടിട്ട് തങ്ങള്‍ക്ക് കണ്ണീര്‍ നിയന്ത്രിക്കാനായില്ലെന്നും ശിവസേന നേതാവ് ആശ റസല്‍ പ്രതികരിച്ചു. 

Content Highlights: mumbai old woman brutally attacked by husband video goes viral