മുംബൈ: ഭാര്യാമാതാവിനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങളില്‍ മുളങ്കമ്പ് കയറ്റിയ കേസില്‍ പ്രതി റിമാന്‍ഡില്‍. കവര്‍ച്ചാക്കേസില്‍ പിടിയിലായി അടുത്തിടെ ജയിലില്‍നിന്ന് പുറത്തിറങ്ങിയ യുവാവിനെയാണ് കൊലക്കേസില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചൊവ്വാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് ഭാര്യാമാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മുംബൈ വിലേ പാര്‍ലേയിലെ വീട്ടില്‍വെച്ചായിരുന്നു സംഭവം. ഭാര്യ നിലവില്‍ താമസിക്കുന്ന വിലാസം പറഞ്ഞുകൊടുക്കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. 

മാല മോഷണം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ യുവാവ് മൂന്ന് വര്‍ഷം മുമ്പ് പോലീസിന്റെ പിടിയിലായിരുന്നു. ജയില്‍ശിക്ഷ അനുഭവിച്ചശേഷം സെപ്റ്റംബര്‍ ഒന്നിനാണ് ഇയാള്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് ഭാര്യയെ കാണാനായി ഭാര്യാമാതാവിന്റെ വീട്ടിലെത്തി. എന്നാല്‍ താന്‍ ജയിലിലായതോടെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചെന്നും മറ്റൊരിടത്താണ് താമസമെന്നും ഇപ്പോള്‍ ഗര്‍ഭിണിയാണെന്നുമുള്ള വിവരമാണ് യുവാവിന് ലഭിച്ചത്. ഇതോടെ രോഷാകുലനായ യുവാവ് മടങ്ങിപ്പോയി. പിറ്റേദിവസം ഭാര്യയുടെ വിലാസം തേടി വീണ്ടും ഭാര്യാമാതാവിന്റെ വീട്ടിലെത്തി. എന്നാല്‍ വിലാസം നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഇതോടെയാണ് ഭാര്യാമാതാവിനെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

ക്രൂരമായി മര്‍ദിച്ചശേഷം ഓട് കൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കുത്തിയുമാണ് പ്രതി ഭാര്യാമാതാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ശേഷം ഇവരുടെ സ്വകാര്യഭാഗങ്ങളില്‍ മുളങ്കമ്പ് കയറ്റി. ചില ആന്തരികാവയവങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം മുംബൈയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ പിറ്റേദിവസം പുണെയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.