മുംബൈ: കർഫ്യൂ ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ചതിന് മുപ്പതോളം പേർക്കെതിരേ കേസ്. ജന്മദിനാഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മുംബൈ ബാന്ദ്ര പോലീസ് കേസെടുത്തത്. പിന്നാലെ ഹാരിസ് ഖാൻ എന്നയാളെ പോലീസ് പിടികൂടുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലാണ് മുംബൈയിലെ ഒരു ജന്മദിനാഘോഷത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഒട്ടേറേ പേരാണ് ആഘോഷത്തിൽ പങ്കുചേർന്നത്. മാത്രമല്ല, യുവാവ് വാൾ കൊണ്ട് കേക്ക് മുറിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. 25 കേക്കുകളാണ് വാൾ ഉപയോഗിച്ച് മുറിച്ചത്. ശനിയാഴ്ച അർധരാത്രി ബാന്ദ്രയിലെ ഒരു കെട്ടിടത്തിലായിരുന്നു പരിപാടി. ആഘോഷത്തിന്റെവീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബാന്ദ്ര പോലീസ് സംഭവത്തിൽ കേസെടുത്തത്.

ജന്മദിനം ആഘോഷിച്ച ഹാരിസ് ഖാനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കർഫ്യൂ ലംഘിച്ചതിന് പുറമേ ആയുധം കൈയിൽവെച്ചതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. പിടിയിലായ ഹാരിസ് ഖാൻ ചില ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Content Highlights:mumbai man cuts cake with sword and organised birthday party arrested