മുംബൈ:  ഡെലിവറി ബോയ് ആയ യുവാവിനെ അപമാനിക്കുകയും സാധനങ്ങള്‍ വാങ്ങാതെ തിരികെനല്‍കുകയും ചെയ്ത ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. മിറ റോഡ് സൃഷ്ടി കോംപ്ലക്‌സില്‍ താമസിക്കുന്ന 51 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  യുവാവിനെ അപമാനിക്കുന്ന വീഡിയോ വൈറലാവുകയും ഇതിനുപിന്നാലെ യുവാവ് പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രതിയെ പിന്നീട് താനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. 

മുംബൈ നയാനഗര്‍ സ്വദേശിയായ 32 കാരനാണ് ചൊവ്വാഴ്ച ഉപഭോക്താവില്‍നിന്ന് ദുരനുഭവമുണ്ടായത്. ഇയാള്‍ ഓര്‍ഡര്‍ ചെയ്തതനുസരിച്ച് പലചരക്കു സാധനങ്ങളുമായാണ് ഡെലിവറി ബോയ് ആയ യുവാവ് വീട്ടിലെത്തിയത്. മാസ്‌കും ഗ്ലൗസും അടക്കമുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരുന്നു ഡെലിവറി ബോയ് വന്നത്. തുടര്‍ന്ന് പ്രതിയുടെ ഭാര്യ പുറത്തിറങ്ങി സാധനങ്ങള്‍ പരിശോധിക്കുകയും വാങ്ങിവെയ്ക്കുകയും ചെയ്തു. ഇതിനിടെ എത്തിയ ഗൃഹനാഥന്‍ യുവാവിന്റെ പേര് ചോദിച്ചു. യുവാവിന്റെ പേര് മുസ്ലിം നാമമാണെന്നു മനസ്സിലായപ്പോള്‍ ഭാര്യയോട് സാധനങ്ങള്‍ തിരികെ നല്‍കാന്‍ പറഞ്ഞു. 

എന്തുകൊണ്ടാണ് സാധനങ്ങള്‍ വേണ്ടെന്ന് പറയാന്‍ കാരണമെന്ന് യുവാവ് ചോദിച്ചപ്പോള്‍ നിങ്ങളുടെ വിഭാഗത്തില്‍പ്പെട്ടവരില്‍നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങേണ്ട ആവശ്യമില്ലെന്നായിരുന്നു ഗൃഹനാഥന്റെ മറുപടിയെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് അവിടെനിന്ന് മടങ്ങിയ യുവാവ് കുടുംബാംഗങ്ങളുടെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 

Content Highlights: mumbai man arrested for insulting muslim delivery boy