മുംബൈ:  ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകത്തില്‍ ഭാര്യയായ പോലീസുകാരിയും കാമുകനായ പോലീസുകാരനും ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈ വാസി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സ്‌നേഹാല്‍, വികാസ് പാഷ്‌തെ എന്നിവരെയും വാടക കൊലയാളികളായ മൂന്ന് പേരെയുമാണ് പാല്‍ഘര്‍ പോലീസ് പിടികൂടിയത്. 

ഫെബ്രുവരി 18-നാണ് സ്‌നേഹാലിന്റെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ പുണ്ഡാലിക് പാട്ടീലിനെ(38) മുംബൈ-അഹമ്മദാബാദ് റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അപകട മരണമാണെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ സംഭവത്തില്‍ സംശയം ഉയര്‍ന്നതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. 

പോലീസുകാരായ സ്‌നേഹാലും വികാസും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നും ഈ ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പാല്‍ഘര്‍ എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. ഒരേ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന സ്‌നേഹാലും വികാസും 2014 മുതല്‍ അടുപ്പത്തിലായിരുന്നു. വികാസ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭര്‍ത്താവ് ഇല്ലാത്ത സമയങ്ങളില്‍ വികാസ് സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തുന്നതും പതിവായിരുന്നു. അടുത്തിടെ ഭാര്യയുടെ രഹസ്യബന്ധം പാട്ടീല്‍ അറിഞ്ഞതോടെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായി. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സ്‌നേഹാല്‍ തീരുമാനിച്ചത്. വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താനായി കാമുകന്റെ സഹായം തേടിയ പോലീസ് ഉദ്യോഗസ്ഥ ഇതിനായി 2.5 ലക്ഷം രൂപയും കൈമാറി. തുടര്‍ന്ന് വികാസിന്റെ സഹായത്തോടെ വാടക കൊലയാളികളായ മൂന്നുപേരെ ഏര്‍പ്പാടാക്കി. ഫെബ്രുവരി 18-ന് മൂന്നഗസംഘം പാട്ടീലിന്റെ ഓട്ടോ വിളിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.  അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഓട്ടോറിക്ഷ മറിച്ചിട്ട ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. 

സംഭവം അപകടമരണമാണെന്നാണ് പോലീസ് ആദ്യം കരുതിയതെങ്കിലും സാഹചര്യത്തെളിവുകളും മറ്റും സംശയത്തിനിടയാക്കി. തുടര്‍ന്നാണ് ഓട്ടോ വിളിച്ച യാത്രക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. 

Content Highlights: mumbai lady cop and her lover constable arrested in murder case