മുംബൈ:  ലഹരിമരുന്ന് ഉപയോഗിക്കുമെന്ന് ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റും ആഡംബരകപ്പലില്‍വെച്ച് തന്നെ എന്‍.സി.ബി.യോട് സമ്മതിച്ചിരുന്നതായി റിപ്പോര്‍ട്ട്. അര്‍ബാസ് മര്‍ച്ചന്റില്‍നിന്ന് പിടിച്ചെടുത്തത് ആറ് ഗ്രാം ചരസാണെന്നും ഷൂവിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് ഇത് കണ്ടെടുത്തതെന്നും എന്‍.സി.ബി. രേഖപ്പെടുത്തിയ സാക്ഷിമൊഴികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കപ്പലില്‍ ലഹരിപാര്‍ട്ടി നടക്കുന്നുതായുള്ള വിവരത്തെ തുടര്‍ന്നാണ് എന്‍.സി.ബി. സംഘം റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ആര്യന്‍ ഖാനെയും അര്‍ബാസ് മര്‍ച്ചന്റിനെയും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ സമീപിച്ചു. ഗസറ്റഡ് ഓഫീസറുടെ മുന്നില്‍വെച്ച് ദേഹപരിശോധന നടത്താമെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഇരുവരും അത് നിരസിച്ചു.  കൈയില്‍ എന്തെങ്കിലും ലഹരിമരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു അര്‍ബാസ് മര്‍ച്ചന്റിന്റെ മറുപടി. ഷൂവിനുള്ളില്‍ ഒരു ചെറിയ കവറിലാണ് ഇത് സൂക്ഷിച്ചിരുന്നതെന്നും എന്‍.സി.ബി.യുടെ സാക്ഷിമൊഴികളില്‍ പറയുന്നു. 

ഡി.ഡി. കിറ്റ് ഉപയോഗിച്ച് അപ്പോള്‍ തന്നെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് ചരസാണെന്ന് ഉറപ്പുവരുത്തി. ആകെ ആറുഗ്രാം ചരസ്സാണ് അര്‍ബാസില്‍നിന്ന് കണ്ടെടുത്തത്. ആര്യനൊപ്പം ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും അര്‍ബാസ് മര്‍ച്ചന്റ് സമ്മതിച്ചു. തകര്‍ത്ത് ആഘോഷിക്കാനായാണ് കപ്പലിലെ പാര്‍ട്ടിക്ക് വന്നതെന്നും ഇവര്‍ വെളിപ്പെടുത്തി. 

ചരസ്സ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്ന് ആര്യന്‍ഖാനും ഉദ്യോഗസ്ഥരോട് പറഞ്ഞു. അര്‍ബാസില്‍നിന്ന് കണ്ടെടുത്ത ചരസ്സ്, കപ്പലിലെ പാര്‍ട്ടിക്ക് ഉപയോഗിക്കാന്‍ കരുതിയതാണെന്നും ആര്യന്‍ സമ്മതിച്ചു. 

ആര്യന്‍, അര്‍ബാസ് എന്നിവര്‍ക്കെതിരായ സാക്ഷിമൊഴികളും മുണ്‍മുണ്‍ ധമേച്ച അടക്കമുള്ള മറ്റ് പ്രതികള്‍ക്കെതിരായ സാക്ഷിമൊഴികളുമാണ് ദേശീയമാധ്യമങ്ങള്‍ ശനിയാഴ്ച പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ രണ്ടിലും സ്വകാര്യ ഡിറ്റക്ടീവായ കിരണ്‍ ഗോസ്വാവിയെയാണ് സാക്ഷിയായി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രഭാകര്‍ റോഗോജി സെന്‍ എന്നയാളും സാക്ഷിപ്പട്ടികയിലുണ്ട്. രണ്ട് സാക്ഷിമൊഴികളിലും കിരണ്‍ ഗോസ്വാവി വ്യത്യസ്തമായ വിലാസങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കിരണ്‍ ഗോസ്വാവിക്കെതിരേ നേരത്തെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വകാര്യ ഡിറ്റക്ടീവായ കിരണിന്റെ സാന്നിധ്യം സംശയകരമാണെന്നും കപ്പലിലെ റെയ്ഡില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. 

അതിനിടെ, ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. നിലവില്‍ ഒക്ടോബര്‍ 14 വരെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 

Content Highlights: mumbai cruise rave party drugs case aryan khan and arbaaz merchant