മുംബൈ: നീലച്ചിത്ര കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയില്‍നിന്ന് 119 നീലച്ചിത്ര വീഡിയോകള്‍ പിടിച്ചെടുത്തെന്ന് മുംബൈ ക്രൈംബ്രാഞ്ച്. കേസില്‍ രാജ് കുന്ദ്രയ്ക്ക് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തുവരുന്നത്. 

വിവാദമായ നീലച്ചിത്ര നിര്‍മാണ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുംബൈയിലെ കോടതി കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. 

അതിനിടെ, രാജ് കുന്ദ്രയുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് 119 നീലച്ചിത്ര വീഡിയോകള്‍ കണ്ടെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തല്‍. കുന്ദ്രയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയില്‍നിന്നാണ് ഇത്രയും വീഡിയോകള്‍ കണ്ടെടുത്തത്. ഈ വീഡിയോകള്‍ ഒമ്പത് കോടി രൂപയ്ക്ക് വില്‍ക്കാനാണ് രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നതെന്നും റിപ്പബ്ലിക് ടി.വി. റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം, നീലച്ചിത്ര കേസില്‍ തന്നെ ബലിയാടാക്കിയതാണെന്നായിരുന്നു രാജ് കുന്ദ്ര ജാമ്യാഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നത്. നീലച്ചിത്ര നിര്‍മാണത്തില്‍ തനിക്കെതിരായ തെളിവുകളൊന്നും അനുബന്ധ കുറ്റപത്രത്തില്‍ ഇല്ലെന്നും രാജ് കുന്ദ്ര വാദിച്ചിരുന്നു. എന്നാല്‍ നീലച്ചിത്ര നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ കുന്ദ്രയാണെന്നാണ് 1500-ഓളം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്. 

ഈ വര്‍ഷമാദ്യം മുംബൈയിലെ മലാദിലെ ബംഗ്ലാവില്‍ പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നീലച്ചിത്ര നിര്‍മാണ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. കേസില്‍ അഭിനേതാക്കളും സിനിമാപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യഘട്ടത്തില്‍ അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലായത്. 

Content Highlights: mumbai crime branch says 119 porn videos seized from raj kundra on porn film case