മുംബൈ: പബ്ജി കളിക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവാക്കിയ 16-കാരന്‍ വീട് വിട്ടിറങ്ങി. മുംബൈ ജോഗേശ്വരി സ്വദേശിയായ കുട്ടിയാണ് മാതാപിതാക്കള്‍ ശകാരിച്ചതിന് പിന്നാലെ വീട് വിട്ടിറങ്ങിയത്. ഒടുവില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം നടത്തുകയും അന്ധേരിയിലെ മഹാകാളി ഗുഹകള്‍ക്ക് സമീപത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയും ചെയ്തു. 

ബുധനാഴ്ച വൈകിട്ടാണ് 16-കാരനെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ എം.ഐ.ഡി.സി. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് പബ്ജി കളിക്കാനായി കുട്ടി 10 ലക്ഷം രൂപ ചെലവാക്കിയെന്നവിവരം മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചത്. പബ്ജി ഗെയിമിന് അടിമയായ 16-കാരന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് ചെലവാക്കിയത്. ഗെയിം കളിക്കാനുള്ള വിര്‍ച്വല്‍ കറന്‍സി വാങ്ങാനും ഐ.ഡി. സ്വന്തമാക്കാനുമാണ് ഇത്രയും പണം മുടക്കിയത്. പണമിടപാടിന്റെ വിവരം മാതാപിതാക്കള്‍ അറിഞ്ഞതോടെ ഇവര്‍ കുട്ടിയെ വഴക്കുപറയുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഒരു കത്ത് എഴുതിവെച്ച് 16-കാരന്‍ വീട് വിട്ടിറങ്ങിയത്. 

സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെയാണ് പോലീസ് സംഘം സംഭവത്തില്‍ അന്വേഷണത്തില്‍ നടത്തിയത്. തുടര്‍ന്ന് പിറ്റേദിവസം തന്നെ കുട്ടിയെ കണ്ടെത്തുകയും ചെയ്തു. കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് കുട്ടിയെ പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. 

Content Highlights: mumbai boy spends rupees 10 lakhs from mothers bank account for playing pubg