ന്യൂഡൽഹി: തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ധാബ ഉടമകളായ രണ്ടു പേർ അറസ്റ്റിൽ. ഡൽഹി ലാജ്പത് നഗറിൽ താമസക്കാരനായ മിക്കി മെഹ്ത(57), നവീൻ ദവാർ(46) എന്നിവരെയാണ് ഡൽഹി പോലീസ് പിടികൂടിയത്. മുംബൈ സ്വദേശിയും ഇവന്റ് മാനേജറുമായ 27-കാരിയെയാണ് ഇരുവരും ചേർന്ന് ഉപദ്രവിച്ചത്. നവംബർ 19-നായിരുന്നു കേസിനാസ്പദമായ സംഭവം.

ഡൽഹിയിലെത്തിയ യുവതി നവംബർ 18-നും 19-നും തന്റെ ഫെയ്സ്ബുക്ക് സുഹൃത്തായ മെഹ്തയെയും ഇയാളുടെ സുഹൃത്ത് ദവാറിനെയും നേരിട്ട് കണ്ടിരുന്നു. 19-ാം തീയതി മൂവരും കൊണാട്ട് പ്ലേസിൽനിന്ന് ഏറോ സിറ്റിയിലെ ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ദവാർ യുവതിയോട് മോശമായി പെരുമാറി. തുടർന്ന് മെഹ്തയെയും യുവതിയെയും ഹോട്ടലിൽ ഇറക്കിയ ശേഷം ദവാർ കാറിൽ മടങ്ങി.

ഹോട്ടൽ മുറിയിലെത്തിയ മെഹ്ത പിന്നീട് ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിനുശേഷം ഹോട്ടലിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ആനന്ദ് വിഹാറിൽ തന്നെ ഉപേക്ഷിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. സംഭവത്തിൽ കേസെടുത്ത ഡൽഹി പോലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Content Highlights:mumbai based event manager raped in delhi two arrested