മുളന്തുരുത്തി: പെരുമ്പിള്ളി സ്ഥാനാര്‍ഥിമുക്കില്‍ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്ന കേസില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. നേരത്തെ ഒരു കൊലക്കേസില്‍ പ്രതിയായ യുവാവ് ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. 

തിങ്കളാഴ്ച വൈകീട്ടാണ് ഈച്ചരവേലില്‍ മത്തായിയുടെ മകന്‍ ജോജിയെ(22) ഒരു സംഘം വീട്ടില്‍ക്കയറി കുത്തിക്കൊന്നത്. ആക്രമണത്തില്‍ മത്തായിക്കും പരിക്കേറ്റിരുന്നു. ജോജി ഉള്‍പ്പെട്ട ക്രിമിനല്‍സംഘത്തിലെ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. 

കൊല്ലപ്പെട്ട ജോജി കഞ്ചാവ് വില്‍പന, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. ചെറുപ്രായത്തിലേ കഞ്ചാവ് വില്‍പനയ്ക്കിറങ്ങിയ യുവാവ് ഒട്ടേറെ തവണ പോലീസിന്റെ പിടിയിലായിട്ടുമുണ്ട്. ജോജി ഉള്‍പ്പെട്ട ക്രിമിനല്‍സംഘത്തിലുണ്ടായ കുടിപ്പകയാണ് കഴിഞ്ഞ ദിവസത്തെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികവിവരം. 

രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വാക്കേറ്റത്തിലേര്‍പ്പെട്ട ശേഷമാണ് ജോജിയെ കുത്തിവീഴ്ത്തിയത്. ആക്രമണത്തില്‍ ജോജിയുടെ കഴുത്തിനും നെഞ്ചിനും കുത്തേറ്റു. പിതാവ് മത്തായിയെയും അക്രമിസംഘം കുത്തിപരിക്കേല്‍പ്പിച്ചു. കൃത്യംനടത്തിയ ശേഷം ഒരു ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു ബൈക്കിലാണ് ഇവര്‍ രക്ഷപ്പെട്ടത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോജിയെയും പിതാവിനെയും കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജോജി മരിച്ചിരുന്നു. 

Content Highlights: mulanthuruthy joji murder case three in police custody