അരീക്കോട്(മലപ്പുറം): വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പോലീസ് ഏഴുപേര്‍ക്കെതിരേ രണ്ടു കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഒരാള്‍ അറസ്റ്റിലായി. മൂന്നു കുട്ടികളുടെ മാതാവായ സ്ത്രീ ഒരുമാസം മുമ്പ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നാലാമത്തെ കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. വര്‍ഷങ്ങളായി നാട്ടിലില്ലാത്ത ഭര്‍ത്താവ് നാട്ടിലെത്തി നാലുമാസത്തിനകമായിരുന്നു നാലാമത്തെ കുട്ടിയുടെ ജനനം. ഭര്‍ത്താവിന്റെ അനുമതിയോടെ വീട്ടമ്മ ഈ കുട്ടിയെ അമ്മത്തൊട്ടിലിലേക്ക് കൈമാറി.

മെഡിക്കല്‍കോളേജ് അധികൃതര്‍ വിവരം അരീക്കോട് പോലീസിനെ അറിയിച്ചു. പോലീസ് വീട്ടമ്മയുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടെങ്കിലും പരാതിയില്ലെന്ന നിലപാടിലായിരുന്നു എല്ലാവരും. എന്നാല്‍ സംഭവത്തിനുപിന്നില്‍ ഒരു സംഘം തന്നെയുണ്ടെന്ന് കണ്ടെത്തിയ ബന്ധുക്കള്‍ കഴിഞ്ഞദിവസം വീണ്ടും പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

കോഴിക്കോട് ജില്ലക്കാരിയായ പരാതിക്കാരിയെ അരീക്കോട്ടേക്കാണ് വിവാഹംചെയ്തത്. നാട്ടിലെ പരിചയക്കാരിയായ ഒരു സ്ത്രീയുടെ സഹായത്തോടെയാണ് ആദ്യ പീഡനം നടന്നത്. പിന്നീട് ഈ സംഭവം പരസ്യപ്പെടുത്തുമെന്നും അതിന്റെ ചിത്രം കൈവശമുണ്ടെന്നും ഭീഷണിപ്പെടുത്തിയാണത്രെ ഈ സ്ത്രീ മറ്റു രണ്ടുപേര്‍ക്കുകൂടി വീട്ടമ്മയെ കാഴ്ചവെച്ചത്. മുക്കം പോലീസ്സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ഒരു സ്ത്രീയടക്കം മൂന്നുപേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.

ഗതികെട്ട വീട്ടമ്മ അരീക്കോട്ടെ അയല്‍വാസിയോട് വിവരം പറഞ്ഞ് സഹായംതേടി. എന്നാല്‍ ഇയാള്‍ വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പരിചയക്കാര്‍ക്കുകൂടി പീഡിപ്പിക്കാന്‍ സൗകര്യം നല്‍കുകയുംചെയ്തു. ഈ സംഭവത്തില്‍ നാലുപേര്‍ക്കെതിരേ മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതില്‍പ്പെട്ട ഒരാളെയാണ് പോലീസ് ബുധനാഴ്ച രാത്രി അറസ്റ്റ്‌ചെയ്തത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറ സ്വദേശി ഇട്ടിലാന്‍ ഉമ്മര്‍ (51) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ചെയ്തു.