പൂക്കോട്ടുംപാടം(മലപ്പുറം): വീടിന്റെ പൂട്ടുപൊളിച്ച് സ്വര്‍ണാഭരണവും രണ്ടരലക്ഷം രൂപയും മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ്‌ചെയ്തു. താമരശ്ശേരി പുതുപ്പാടി മുരിങ്ങാത്തൊടികയില്‍ മുഹമ്മദാലി (മുക്കം മുഹമ്മദാലി-61) ആണ് പിടിയിലായത്.

നവംബര്‍ 15-ന് പകലാണ് കേസിനാസ്പദമായ സംഭവം. അമരമ്പലം പാലത്തിനുസമീപമുള്ള വീടിന്റെ പിറകുവശത്തെ ഗ്രില്ലിന്റെ പൂട്ടുതകര്‍ത്ത് അകത്തുകയറിയാണ് ഇയാള്‍ മോഷണം നടത്തിയത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വിവിധ മോഷണക്കേസുകളില്‍പ്പെട്ട പിടികിട്ടാപ്പുള്ളിയാണ് പിടിയിലായത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ചും മുന്‍പ് ശിക്ഷിക്കപ്പെട്ടവരുടെയും ജയിലില്‍നിന്ന് പുറത്തിറങ്ങിയവരുടെയും വിവരങ്ങള്‍ ശേഖരിച്ചും പൂക്കോട്ടുംപാടത്തും പരിസരങ്ങളിലും സ്ഥാപിച്ച സി.സി.ടി.വി. ഷാഡോ ക്യാമറകള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പായതെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ മഞ്ചേരി, എടവണ്ണ, ഭാഗങ്ങളില്‍ വ്യാജ പേരുകളില്‍ വാടകവീടുകളില്‍ താമസിച്ച് ബൈക്കില്‍ കറങ്ങിനടന്ന് പകല്‍സമയത്ത് ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തിവരികയായിരുന്നുവെന്ന് പോലീസിന് മനസ്സിലായി.

മോഷണത്തിനായി ബൈക്കില്‍ കറങ്ങവേയാണ് ഇയാള്‍ പിടിയിലായത്. കൂടുതല്‍ ചോദ്യംചെയ്തതില്‍ കാളികാവ്, കരുവാരക്കുണ്ട് സ്റ്റേഷന്‍ പരിധികളിലായി ഒട്ടേറെ വീടുകളില്‍ മോഷണശ്രമങ്ങള്‍ നടത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

ഇയാളുടെ പേരില്‍ മഞ്ചേരി, അരീക്കോട്, പെരിന്തല്‍മണ്ണ, മങ്കട, പട്ടാമ്പി, തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ടൗണ്‍ പോലീസ്സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. 


ഒട്ടേറെ മോഷണങ്ങള്‍; ലക്ഷ്യം മൈസൂരുവില്‍ ആഡംബര ജീവിതം

പൂക്കോട്ടുംപാടം: പട്ടാപ്പകല്‍ നാലു ജില്ലകളിലായി മുഹമ്മദാലി നടത്തിയത് ഏറെ മോഷണങ്ങളാണ്. വെള്ളഷര്‍ട്ടും മുണ്ടുമാണ് മിക്കപ്പോഴും വേഷം. കണ്ണടയും ധരിക്കും. ആളില്ലാത്തയിടങ്ങളിലോ, വീട്ടുകാര്‍ പുറത്തുപോയ സമയത്തോ പ്രധാന ഗേറ്റ് തുറന്ന് വീട്ടിലെത്തി ബെല്ലടിക്കും. ആളില്ലെന്ന് ഉറപ്പായാല്‍ പണി തുടങ്ങും. ആളുണ്ടെങ്കില്‍ കല്യാണ ബ്രോക്കറോ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനോ, വാഹന ബ്രോക്കറോ ആണെന്ന് പറയും. വീട്ടുകാരോട് അതിനെക്കുറിച്ച് എന്തെങ്കിലും സംസാരിച്ച് മടങ്ങും. മദ്യമോ ലഹരിയോ ഉപയോഗിക്കാത്ത ഇയാള്‍ മോഷണം നടത്തി കിട്ടുന്നപണം മൈസൂരു, ഊട്ടി എന്നിവിടങ്ങളില്‍ ആഡംബരജീവിതം നയിക്കാനാണ് ഉപയോഗിക്കുന്നത്. പല ഭാഗങ്ങളില്‍നിന്ന് വ്യാജ പേരുകളില്‍ വിവാഹം കഴിക്കുകയും അവിടെനിന്ന് പിടിക്കപ്പെടുന്നതോടെ ആ ബന്ധം ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറുന്നതുമാണ് രീതി

പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ പി. വിഷ്ണു, എസ്.ഐ. രാജേഷ് അയോടന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. ജില്ലാപോലീസ് മേധാവി യു. അബ്ദുള്‍കരീം ഐ.പി.എസ്, പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലത ഐ.പി.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.ഐ. ഒ.കെ. വേണു. എ.എസ്.ഐ. ജോണ്‍സണ്‍ സി.പി.ഒ. മാരായ എസ്. അഭിലാഷ്, ടി. നിബിന്‍ദാസ്, ഈ.ജി പ്രദീപ്, പ്രത്യേക അന്വേഷണസംഘത്തിലെ സി.പി. മുരളീധരന്‍, ടി. ശ്രീകുമാര്‍, കൃഷ്ണകുമാര്‍, മനോജ്കുമാര്‍ എന്നിവരും ഉള്‍പ്പെടുന്നു.

Content Highlights: mukkam mohammed ali again arrested in theft case