മുക്കം: മണാശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വസ്തുതാവിവരണറിപ്പോര്‍ട്ട് ഐ.ജി.ക്ക് സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ഡിസംബര്‍ പതിനഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. സജീവന്‍ പറഞ്ഞു.

അമ്മയെ കൊലപ്പെടുത്തിയതിന്റെ തെളിവ് നശിപ്പിക്കാനും കൊലചെയ്യാന്‍ സഹായിച്ചതിന് ഇസ്മയിലിന് കൊടുക്കാമെന്നേറ്റ തുക നല്‍കാതിരിക്കാനും ബിര്‍ജു ഒറ്റയ്ക്ക് ഇസ്മയിലിനെ കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇസ്മയില്‍വധത്തില്‍ പ്രതിക്ക് മറ്റാരുടെയും സഹായം കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്വത്ത് തട്ടിയെടുക്കാനായി 2016 മാര്‍ച്ച് പതിനഞ്ചിനാണ് ബിര്‍ജു അമ്മയായ ജയവല്ലിയെ ഇസ്മയിലിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് സഹായിച്ചതിന് രണ്ടുലക്ഷംരൂപ ബിര്‍ജു ഇസ്മയിലിന് വാഗ്ദാനം ചെയ്തിരുന്നു. പണം ചോദിച്ചു ഭീഷണിപ്പെടുത്തിയതോടെ ഇസ്മയിലിനെ വീട്ടിലേക്കുവിളിച്ചുവരുത്തി കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയുമായിരുന്നെന്നാണ് കണ്ടെത്തല്‍. 2017 ജൂണ്‍ പതിനെട്ടിനാണ് ബിര്‍ജു ഇസ്മയിലിനെ കൊലപ്പെടുത്തിയത്. ജയവല്ലി ആത്മഹത്യചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ച ബിര്‍ജു വീടും സ്ഥലവും വിറ്റു തമിഴ്‌നാട്ടിലേക്കു താമസംമാറിയിരുന്നു. ഇസ്മയിലിന്റെ ശരീരഭാഗങ്ങള്‍ പലദിവസങ്ങളിലായി ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നായി കണ്ടെത്തുകയായിരുന്നു. ഡി.എന്‍.എ. പരിശോധനയിലൂടെയാണ് ഇസ്മയിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇസ്മയിലുമായി ബന്ധമുണ്ടായിരുന്നവരെക്കുറിച്ചു നടത്തിയ അന്വേഷണമാണ് ബിര്‍ജുവിലേക്കെത്തിയത്.

കൊല്ലപ്പെടുന്നതിന് തലേന്ന് ഇസ്മയില്‍ തന്റെ മൂന്നുസുഹൃത്തുക്കളോട് ബിര്‍ജുവിനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. ഇവരാണ് കേസിലെ പ്രധാന സാക്ഷികള്‍. മൃതദേഹം കഷ്ണങ്ങളാക്കാന്‍ ഉപയോഗിച്ച കത്തിവാങ്ങിയ കട്ടാങ്ങലിലേയും, മൃതദേഹഭാഗങ്ങള്‍ തള്ളാന്‍ ഉപയോഗിച്ച ചാക്ക് വാങ്ങിയ മുക്കത്തെയും കടയുടമകള്‍ ബിര്‍ജുവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിര്‍ജു നേരത്തേ അറവുജോലി ചെയ്തിരുന്നു. ഈ പരിചയം ഉപയോഗിച്ചാണ് കത്തി ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കിയത്. തെര്‍മോക്കോള്‍ മുറിക്കുന്ന കത്തിയാണ് ഉപയോഗിച്ചത്. ഡിവൈ.എസ്.പി. ടി. സജീവന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്. ചുമത്തേണ്ട വകുപ്പുകള്‍ സംബന്ധിച്ച് ഐ.ജി.യുടെ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കും.