കോഴിക്കോട്: മുക്കം ഇരട്ടക്കൊലപാതകത്തിലെ ജയവല്ലി കൊലക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൊലപാതകം നടന്ന മണാശ്ശേരിയിലെ ബിർജുവിന്റെ പഴയ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം പ്രാഥമിക പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ വി.എസ്.മുരളീധരൻ, എ.എസ്.ഐ എം.കെ.സുകു, എ.സി.പി.ഒ കെ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവരാണ് പരിശോധന നടത്തിയത്.
ജയവല്ലി കൊലക്കേസ് മുക്കം പോലീസും ഇസ്മായിൽ കൊലക്കേസ് ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. എന്നാൽ രണ്ട് കേസും ഒരു ഏജൻസി തന്നെ അന്വേഷിക്കുന്നതാണ് പ്രതിക്ക് ശിക്ഷ ലഭിക്കാൻ ഏറ്റവും നല്ലതെന്ന ആശയമാണ് ജയവല്ലി കേസും ക്രൈംബ്രാഞ്ചിന് കൈമാറാൻ കാരണം. ജയവല്ലി കേസുമായി ബന്ധപ്പെട്ട് മുക്കം പോലീസ് നിരവധി തെളിവുകൾ കണ്ടെത്തിയിരുന്നു. പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.
അമ്മയെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടത്തിയ കാര്യങ്ങളടക്കം പോലീസ് റിമാൻഡ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിരുന്നു. മുക്കം ഇൻസ്പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്.
അമ്മയുടെ പേരിലുള്ള മണാശ്ശേരിയിലെ സ്ഥലം വിൽപ്പന നടത്തുവാൻ അനുവദിക്കാതിരുന്നതിനാലും അമ്മയുടെ ബാങ്ക് ബാലൻസ് കൈക്കലാക്കുന്നതിനുമായാണ് അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയത്. അമ്മ തൂങ്ങി മരിച്ചതായി നാട്ടുകാരെ ധരിപ്പിച്ച ബിർജു സംഭവ ശേഷം ഉള്ളിൽ നിന്ന് ശുചിമുറി വഴി പുറത്തിറങ്ങി താൻ ശുചിമുറി പൊളിച്ച് അകത്ത് കടന്നതാണന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു. നാട്ടുകാർ എത്തിയപ്പോൾ പെട്ടെന്ന് മൃതദേഹം താഴെയിറക്കുകയായിരുന്നു.
സംഭവദിവസം രാവിലെ 10 മണിക്ക് മുക്കം ബസ് സ്റ്റാന്റിലെ ഒരു ചായക്കടയിൽ വെച്ചാണ് തന്റെ അമ്മയെ കൊലപ്പെടുത്താൻ ബിർജു ഇസ്മായിലുമായി അവസാന ഗൂഡാലോചന നടത്തിയിരുന്നത്. കൃത്യം നടത്തുന്നതിനായി വൈകിട്ട് 6 മണിക്ക് മണാശ്ശേരിയിലെ വീട്ടിലെത്തിയങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ തിരിച്ചു പോയി. തുടർന്ന് രാത്രി 9 മണിക്ക് വീണ്ടുമെത്തി കട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന അമ്മ ജയവല്ലിയെ കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് ബോധം നഷ്ടപ്പെടുത്തിയ ശേഷം കൊലപാതകം ഉറപ്പിക്കാനായി ഇസ്മായിലിന്റെ സഹായത്തോടെ ഫാനിൽ കെട്ടി തൂക്കുകയായിരുന്നു. അന്ന് രാവിലെ ഭാര്യയേയും മക്കളേയും നിസാര കാര്യത്തിന് കോയമ്പത്തൂരിലേക്ക് അയച്ചതും നേരത്തെ കൃത്യം ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു.
2 ലക്ഷം രൂപയാണ് ഇസ്മായിലിന് ബിർജു വാഗ്ദാനം ചെയ്തിരുന്നത്. സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ച ബിർജു ഇതിന് വേണ്ടിയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇസ്മായിലുമായി ബന്ധം സ്ഥാപിച്ചത്. ഏക്കർ കണക്കിന് ഭൂസ്വത്തിന് ഉടമയായ ബിർജുവിന്റെ അച്ഛൻ വാസു ബിർജുവിന്റെ നിരന്തരമായ മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പോലീസ് പറയുന്നുണ്ട്.
ലക്ഷ്യം പൂർത്തീകരിച്ച ബിർജു അമ്മയുടെ പേരിൽ ബാങ്കിലുള്ള 7 ലക്ഷം രൂപ ഒരു മാസത്തിനുള്ളിൽ പിൻവലിക്കുകയും ഉടൻ തന്നെ മണാശ്ശേരിയിലെ സ്ഥലം വിൽപ്പന നടത്താൻ ശ്രമം നടത്തുകയും ചെയ്തിതിരുന്നു. 30 ലക്ഷം രൂപക്കാണ് മണാശ്ശേരിയിലെ വീടും സ്ഥലവും ഒരു വർഷത്തിന് ശേഷം വിറ്റത്. തുടർന്ന് ഈ കൊലപാതകത്തിന് കൂട്ടുനിന്ന വണ്ടൂർ സ്വദേശി ഇസ്മായിലിനെ പ്രതിഫലമായ 2 ലക്ഷം രൂപ ചോദിച്ചതിന് കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയുമായിരുന്നു.
Content Highlights:mukkam double murder case crime branch investigation in jayavalli murder