കോഴിക്കോട്: മുക്കം കൊടിയത്തൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിന് കാരണം സംശയരോഗമാണെന്ന് സൂചന. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കിയിരുന്നതായും അറസ്റ്റിലായ ഷഹീർ പോലീസിന് മൊഴി നൽകി. ഇതാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.

ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കൊടിയത്തൂർ ചെറുവാടി പഴംപറമ്പ് സ്വദേശി നാട്ടിക്കല്ലിങ്ങൽ ഷഹീർ ഭാര്യ മുഹ്സില(20)യെ കത്തികൊണ്ട് കഴുത്തിന് കുത്തിക്കൊന്നത്. കഴുത്തിന് കുത്തേറ്റ മുഹ്സില പ്രാണരക്ഷാർഥം കിടപ്പുമുറിയിൽനിന്ന് വാതിലനടുത്തേക്ക് ഓടി. എന്നാൽ പിന്നാലെ ഓടിയെത്തിയ ഷഹീർ കഴുത്തിന് പിന്നിലും കുത്തി. മുഹ്സിലയുടെ നിലവിളി കേട്ട് ഷഹീറിന്റെ മാതാപിതാക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ കൂട്ടാക്കിയില്ല.

തുടർന്ന്, പിതാവ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഷഹീറിന്റെ സഹോദരങ്ങളെ വിളിച്ചുവരുത്തി. ഇതിനിടെ, വാതിൽ തുറന്ന ഷഹീർ കത്തിയുമായി പുറത്തേക്ക് ഓടി. മാതാപിതാക്കൾ മുറിയുടെ അകത്ത് കയറി നോക്കിയപ്പോഴാണ് കഴുത്തിൽ മുറിവേറ്റ് പിടയുന്ന മുഹ്സിലയെ കണ്ടത്. ഓടിക്കൂടിയ ഷഹീറിന്റെ സഹോദരങ്ങളും അയൽവാസികളും ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുറത്തേക്ക് ഓടിയ ഷഹീറിനെ സഹോദരൻ ബൈക്കിൽ പിന്തുടർന്ന് പിടികൂടി. സഹോദരനെ കണ്ട് ഓടുന്നതിനിടെ പറമ്പിലെ വലിയ കുഴിയിൽ വീണ ഷഹീറിന് തലയ്ക്ക് പരിക്കേറ്റു. ഓടി രക്ഷപ്പെടുന്നതിനിടെ മൂന്ന് കഷ്ണമാക്കി തൊട്ടടുത്ത പറമ്പിലേക്കെറിഞ്ഞ കത്തി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സഹോദരങ്ങൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മുക്കം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. ആറുമാസം മുമ്പായിരുന്നു വിവാഹം. ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതായി നാട്ടുകാർക്കും ബന്ധുക്കൾക്കും അറിയില്ല. കല്യാണ ശേഷം ഷഹീർ മറ്റുള്ളവരുമായി അത്ര സംസാരിക്കാറില്ലായിരുന്നുവെങ്കിലും മുഹ്സിലയുമായി നല്ല രീതിയിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. രണ്ട് ദിവസം മുമ്പാണ് ഇരുവരും മുഹ്സിലയുടെ ബന്ധുവീട്ടിൽ പോയത്. പോയ അന്നുതന്നെ ഷഹീർ നാട്ടിലേക്ക് മടങ്ങിയെത്തി. ഒരുദിവസം ബന്ധുവീട്ടിൽ താമസിച്ച ശേഷമാണ് മുഹ്സില ഭർത്തൃവീട്ടിലേക്ക് മടങ്ങിയെത്തിയത്. മുഹ്സിലയ്ക്ക് സ്വന്തം വീടിനോളവും വീട്ടുകാരോളവും ഇഷ്ടമായിരുന്നു ഷഹീറിന്റെ വീടിനോടും കുടുംബത്തോടും. ചൊവ്വാഴ്ച രാവിലെ മുഹ്സിലയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാതാവ് വരുമെന്ന് അറിയിച്ചിരുന്നതായും ബന്ധു പറഞ്ഞു.

ഗൾഫിൽ ഡ്രൈവറായിരുന്ന ഷഹീർ വിവാഹ ശേഷം ഗൾഫിലേക്ക് പോയില്ല. നാട്ടിൽ ഡ്രൈവറായും കൂലിപ്പണിചെയ്തുമാണ് കുടുംബം പുലർത്തിയിരുന്നത്. ഷഹീറിന്റെ മൂന്ന് സഹോദരന്മാർ തൊട്ടുപിന്നിലുള്ള വീടുകളിലാണ് താമസിച്ചിരുന്നത്.

താമരശ്ശേരി ഡിവൈ.എസ്.പി. എൻ.സി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുക്കം ഇൻസ്പെക്ടർ എസ്. നിസ്സാം, എസ്.ഐ. കെ. രാജീവൻ, ജീവൻ, എ.എസ്.ഐ. ഷാജു, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, നാസർ, സ്വപ്ന, സിനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

Content Highlights:muhsila murder case kodiyathoor mukkam husband killed wife