മുംബൈ: നാല് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പുണെ പിംപ്രി ചിഞ്ച്വാദ് സ്വദേശിയായ സവിത കക്ഡെയാണ് പിടിയിലായത്. നാല് വയസുള്ള മകൾ ദിശ കക്ഡെയെ തലയ്ക്ക് പരിക്കേൽപ്പിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.

മകൾ കുസൃതി കാണിച്ചപ്പോൾ ദേഷ്യം വന്നെന്നും തല ചുമരിലിടിപ്പിച്ച ശേഷം മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. സംഭവസമയം ആറ് മാസം ഗർഭിണിയായ യുവതിയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിലെ ബാക്കിയെല്ലാവരും സവിതയുടെ ഭർതൃമാതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് മറ്റൊരു സ്ഥലത്തായിരുന്നു.

കുട്ടി കുസൃതി കാണിച്ചതാണ് യുവതിയെ കുപിതയാക്കിയത്. ഈ ദേഷ്യത്തിൽ ആദ്യം തല ചുമരിലിടിപ്പിച്ചു. പിന്നാലെ മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി. മകൾ ബോധരഹിതയായതോടെ യുവതി തന്നെയാണ് ഭർത്താവിനെ ഫോണിൽവിളിച്ച് കാര്യം പറഞ്ഞത്. ഭർത്താവ് വീട്ടിലെത്തി മകളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവതിയുടെ ഭർത്താവ് തന്നെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസെത്തി സവിതയെ അറസ്റ്റ് ചെയ്തു.

Content Highlights:mother killed four year old daughter by strangulating with mobile charger