വാഗമണ്‍: വീട്ടമ്മയുടെ മരണത്തില്‍ പോലീസ് നടത്തിയ തുടരന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. പ്രതിയായ മകനെ അറസ്റ്റ് ചെയ്തു. വാഗമണ്‍ കൊട്ടമല തോട്ടത്തില്‍ മൂന്നാം ഡിവിഷനില്‍ താമസിച്ചിരുന്ന വിജയകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് വാഗമണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകന്‍ ശരത്കുമാറിനെ(26) പിടികൂടിയത്. മാര്‍ച്ച് 25-ന് രാത്രിയിലാണ് വിജയകുമാരിയെ തോട്ടം ലെയിന്‍സില്‍ മരിച്ച നിലയില്‍ കണ്ടത്. നെഞ്ചുവേദനയെ തുടര്‍ന്ന് ബോധം കെട്ടു വീണതായി പറഞ്ഞ് ശരത്കുമാര്‍ അയല്‍വാസികളെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വിജയകുമാരിയെ ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. രണ്ടു ദിവസങ്ങള്‍ക്കുശേഷം ബന്ധുക്കള്‍ മൃതശരീരം ഏറ്റുവാങ്ങി ശവസംസ്‌കാരം നടത്തി.

ഇവര്‍ താമസിച്ചിരുന്ന ലയത്തിന് തൊട്ടടുത്തുള്ള ലയങ്ങളില്‍ ആള്‍താമസം ഉണ്ടായിരുന്നില്ല. സംഭവദിവസം രാത്രി എട്ടരവരെ മകനെ കാത്ത് വിജയകുമാരി മറ്റൊരു വീട്ടിലാണ് ഇരുന്നത്. അപ്പോള്‍ ശാരീരികമായി കുഴപ്പമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മരണത്തില്‍ ബന്ധുക്കള്‍ പോലീസിനോട് സംശയം പറഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ശ്വാസംമുട്ടല്‍ മൂലമാണെന്ന് കണ്ടെത്തിയതാണ് ശരത്കുമാറിനെ ചോദ്യംചെയ്യാന്‍ കാരണമായത്.

25-ന് വീട്ടില്‍ എത്തിയതിനുപിന്നാലെ അമ്മയുമായി തര്‍ക്കവും പിടിവലിയും ഉണ്ടായെന്നും ഭിത്തിയില്‍ തലയിടിച്ച് അമ്മ താഴെ വീഴുകയും തലയ്ക്ക് കുത്തിപ്പിടിക്കുകയും ചെയ്തതായും തുടര്‍ന്ന് അമ്മയുടെ അനക്കം നിലച്ചതായും ശരത്കുമാര്‍ പോലീസിനോട് പറഞ്ഞു. ശരത്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

വിജയകുമാരിയുടെ രണ്ടാം ഭര്‍ത്താവ് രാമറില്‍ ഉള്ള മകനാണ് ശരത്കുമാര്‍. ആദ്യഭര്‍ത്താവില്‍ രണ്ടു മക്കളുണ്ട്. ഇവര്‍ സ്ഥലത്തില്ല. വാഗമണ്‍ സി.ഐ. ജയസനല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.