നെയ്യാറ്റിന്‍കര: മദ്യപിക്കാന്‍ പണം നല്‍കാത്തതിനു അമ്മയെ ചവിട്ടിക്കൊന്ന കേസില്‍ മകനു ജീവപര്യന്തം ശിക്ഷ.

നെയ്യാറ്റിന്‍കര തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീലത(46)യെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ മോനു എന്ന മണികണ്ഠനെ(24)യാണ് നെയ്യാറ്റിന്‍കര ജില്ലാ കോടതി ജഡ്ജി എസ്.സുഭാഷ് ജീവപര്യന്തം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

2018 ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ശ്രീലതയുടെ ആദ്യവിവാഹത്തിലെ മകനായ പ്രതിക്ക് മദ്യംവാങ്ങാന്‍ പണം കൊടുക്കാത്തതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായത്.

ശ്രീലതയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച രണ്ടാം ഭര്‍ത്താവ് കൃഷ്ണന്‍കുട്ടിയെയും പ്രതി മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ശ്രീലതയുടെ നെഞ്ചിനും ആന്തരികാവയവങ്ങള്‍ക്കുമേറ്റ പരിക്കാണ് മരണകാരണമായത്. ശ്രീലതയുടെ 13 വയസ്സുള്ള മകള്‍ അച്ചുമോളുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ്.സുഭാഷാണ് ശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര എസ്.ഐ.യായിരുന്ന എസ്.സന്തോഷ്‌കുമാറാണ് കേസില്‍ അന്വേഷണം നടത്തിയത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ.അജിത്കുമാര്‍, അഭിഭാഷകരായ ബ്ലെസിങ്, അനുജ്, സജിമോള്‍ എന്നിവര്‍ ഹാജരായി.