ആലപ്പുഴ: ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി ആത്മഹത്യ ചെയ്ത അദിതിയുടെ ബന്ധുക്കൾ. ഭർത്താവിന്റെ അച്ഛന്റെ മാനസിക പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കും മുൻപ് യുവതി ഇക്കാര്യങ്ങൾ തുറന്ന് പറയുന്ന വീഡിയോയും ആത്മഹത്യാ കുറിപ്പും ബന്ധുക്കൾ പുറത്തുവിട്ടു.

അദിതിയുടെ ഭർത്താവ് നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭർത്താവ് മരിച്ച മനോവിഷമത്തിലാണ് യുവതി മകൾക്ക് വിഷം നൽകി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ മാനസിക പീഡനം സഹിക്കാനാവാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ  പരാതിയുടെ അടിസ്ഥാനത്തിൽ  അന്വേഷണം തുടങ്ങിയെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു.

നവംബർ 8നായിരുന്നു അദിതിയുടെ ഭർത്താവ് സൂര്യൻ ഡി നമ്പൂതിരി കോവിഡ് ബാധിച്ച് മരിക്കുന്നത്. സൂര്യൻ നമ്പൂതിരിയുടെ അമ്മ ശ്രീദേവി അന്തർജനവും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭർത്താവ് മരിച്ച് കൃത്യം രണ്ട് മാസത്തിന് ശേഷം അദിതി തന്റെ അഞ്ചു മാസം മാത്രം പ്രായമുള്ള മകൻ കൽക്കിക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഭർത്താവിൻറെ അച്ഛന്റെ മാനസിക പീഡനമാണ് എല്ലാത്തിനും കാരണമെന്ന് മരിച്ച അദിതിയുടെ മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. ഭർതൃവീട്ടിൽ നിന്ന് ഏൽക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് മരിക്കും മുൻപ് അദിതി തുറന്നുപറയുന്ന വീഡിയോ സന്ദേശവും, ആത്മഹത്യകുറിപ്പും കുടുംബം പുറത്തുവിട്ടു. ആത്മഹത്യ കുറിപ്പിലും, ഭർത്താവിൻറെ അച്ഛനിൽ നിന്ന് ഏൽക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് പറയുന്നുണ്ട്. കോവിഡ് ബാധിച്ച് ഭർത്താവ് സൂര്യനും അദ്ദേഹത്തിന്റെ അമ്മയും മരിക്കാൻ കാരണം കൃത്യമായ ചികിത്സ നൽകാത്തത് മൂലമാണെന്നും പറയുന്നു. ചെങ്ങന്നൂർ ആലായിലെ സ്വന്തം വീട്ടിലാണ് അദിതിയെയും, കുഞ്ഞിനെയും വിഷമുള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Mother commits suicide after kill her baby