ഇടുക്കി: കുസൃതി കാണിക്കുന്നതിന്റെ പേരില്‍ അഞ്ച് വയസുകാരന്റെ ഉള്ളം കാലില്‍ അമ്മ പൊള്ളലേല്‍പ്പിച്ചുവെന്ന് പരാതി. ഇടുക്കി ശാന്തൻപാറയിലാണ് സംഭവം. തുടർച്ചയായി കുട്ടി കുസൃതി കാണിക്കുന്നു എന്നു പറഞ്ഞ് സ്പൂൺ അടുപ്പില്‍വച്ച് ചൂടാക്കി ഉള്ളം കാലിലും ഇടുപ്പിലും പൊള്ളിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു.

കുട്ടിയെ കുളിപ്പിക്കാൻ വിളിക്കുമ്പോൾ കുട്ടി ഓടിപ്പോകുന്നു. കുട്ടിയുടെ കുസൃതി കാരണം അയൽക്കാരും പരാതി പറയുന്നു. ആരുമറിയാതെ കാട്ടിലേക്ക് ഓടിപ്പോകുന്നു. ഇതിൽ നിന്ന് തടയാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.

നാല് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഇവർ കുട്ടിയെ തമിഴ്നാട്ടിൽ കൊണ്ടു പോയി ചികിത്സ നടത്തിയിരുന്നു. വ്യാഴാഴ്ച ഇവർ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ പരിക്കുകൾ അയൽക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ഇവർ ചൈൽഡ് ലൈനിലും പോലീസിലും വിളിച്ച് അറിയിക്കുകയായിരുന്നു.

ഇവർക്ക് മൂന്നര വയസുള്ള മറ്റൊരു പെൺകുട്ടി കൂടിയുണ്ട്. നിലവിൽ കുട്ടിയെ ശാന്തപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. കൂടുതൽ ചികിത്സ വേണം എന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇപ്പോൾ കുട്ടിയും അമ്മയും ഒരുമിച്ചാണ് ഉള്ളത്. 

Content Highlights: Mother burned her five-year-old son's feet