കുളത്തൂപ്പുഴ: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികയായ അമ്മയെ മര്‍ദിച്ചുപരിക്കേല്‍പ്പിച്ച മകനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. അമ്മയുടെ പരാതിയില്‍ മകന്‍ കുളത്തൂപ്പുഴ സാംനഗര്‍ ഇരമത്ത് പുത്തന്‍വീട്ടില്‍ സാബുവിനെ (48) കുളത്തൂപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
മകന്‍ സാബു, തന്നെ നിരന്തരം മര്‍ദിക്കുന്നെന്ന പരാതിയുമായി എണ്‍പത്താറുകാരിയായ സാറാമ്മയാണ് കുളത്തൂപ്പുഴ പോലീസിനെ സമീപിച്ചത്. ശനിയാഴ്ച രാവിലെ മദ്യക്കുപ്പികൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൈക്ക് മുറിവേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്‍കാനെത്തിയത്. സ്ഥിരം മദ്യപാനിയായ സാബു സാറാമ്മയുമായി വഴക്കിടുന്നതും കൈയേറ്റം ചെയ്യുന്നതും പതിവാണ്.
ജോലിക്കുപോകാത്ത മകനുവേണ്ടി ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നത് നടക്കാന്‍പോലും വയ്യാത്ത അമ്മയാണെന്നും നാട്ടുകാര്‍ പറയുന്നു. മറ്റുവീടുകളില്‍ പണിയെടുത്തും പെന്‍ഷന്‍ ഇനത്തിലും കിട്ടുന്ന തുക മകന്‍ കൈക്കലാക്കുകയാണ് പതിവ്. കഴിഞ്ഞദിവസം മദ്യപിക്കാന്‍ പണം കൊടുക്കാത്തതിലുള്ള വിരോധംകൊണ്ടാണ് സാറാമ്മയെ മര്‍ദിച്ചത് കൈയില്‍ മുറിവുമായി സ്റ്റേഷനിലെത്തിയ സാറാമ്മയെ പോലീസ് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു ചികിത്സ നല്‍കി.
സാബുവിനെ തേടി പോലീസ് സാംനഗറിലെത്തിയെങ്കിലും അയാള്‍ കടന്നുകളഞ്ഞു. ഏറെനേരത്തിനുശേഷം വീട്ടിലെത്തിയ സാബുവിനെ നാട്ടുകാര്‍ തടഞ്ഞുെവച്ച് പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത കുളത്തൂപ്പുഴ പോലീസ് വൈകുന്നേരത്തോടെ ഇയാളെ കോടതിയില്‍ ഹാജരാക്കി.
Content Highlights: mother attacked by son in kulathupuzha kollam