തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന ആരോപണവുമായി അറസ്റ്റിലായ യുവതിയുടെ കുടുംബം. വിവാഹമോചനത്തിന് മുതിരാതെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചതിനെ എതിര്‍ത്തതും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം.
യുവതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചിരുന്നതായും സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികവും മാനസികവുമായി ക്രൂരമായി പീഡിപ്പിച്ചിരുന്നതായും ഇവര്‍ പറയുന്നു. ഗര്‍ഭിണി ആയിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും മര്‍ദനം പതിവായിരുന്നു. മകള്‍ക്കെതിരേയുള്ളത് കള്ളക്കേസാണെന്നും യുവതിയുടെ മാതാവ് പറഞ്ഞു.
പിതാവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഇളയമകനും വെളിപ്പെടുത്തി. പിതാവിനൊപ്പം താമസിച്ചപ്പോള്‍ അടിക്കുകയും ഭക്ഷണം നല്‍കാതെ ഉപദ്രവിച്ചെന്നുമാണ് ഇളയ മകന്റെ വെളിപ്പെടുത്തല്‍.
ദിവസങ്ങള്‍ക്ക് മുമ്പാണ് 14-കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവതി നിലവില്‍ റിമാന്‍ഡിലാണ്. കുട്ടിയുടെ അച്ഛനാണ് പീഡനവിവരം ചൈല്‍ഡ്‌ലൈനില്‍ അറിയിച്ചത്. അമ്മയ്‌ക്കെതിരേ ചൈല്‍ഡ് ലൈനിനും പോലീസിനും കുട്ടി മൊഴി നല്‍കുകയും ചെയ്തു.
പ്രണയ വിവാഹമായിരുന്നുവെങ്കിലും നിരന്തരം മര്‍ദനം ഏല്‍ക്കേണ്ടി വന്നതോടെ മൂന്നുവര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു യുവതി. 37-കാരിയായ ഇവര്‍ക്ക് 17, 14, 11 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളും ആറുവയസുള്ള പെണ്‍കുട്ടിയുമാണുള്ളത്. മൂന്നുവര്‍ഷമായി പിരിഞ്ഞ് താമസിച്ചിരുന്നുവെങ്കിലും ഇവര്‍ നിയമപരമായി വിവാഹം വേര്‍പ്പെടുത്തിയിരുന്നില്ല. മൂന്നാമത്തെ ആണ്‍കുട്ടി യുവതിയുടെ കുടുംബത്തിനൊപ്പമാണ് നിലവില്‍ താമസിക്കുന്നത്. തന്നെയും അമ്മയെയും അച്ഛന്‍ നിരന്തരം മര്‍ദിച്ചിരുന്നതായാണ് ഈ കുട്ടിയും പറയുന്നത്.
വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളെ കൂടെ കൊണ്ടുപോവുകയും ചെയ്തു. ഇതിലൊരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരേ അറസ്റ്റുള്‍പ്പെടെയുള്ള നടപടി ഉണ്ടായത്.
Content Highlights: mother arrested in kadakkavoor for raping minor son her family allegation against fake complaint