ബദിയടുക്ക: കാസര്‍കോട് കാട്ടുകുക്കെയില്‍ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പെര്‍ളത്തടുക്ക സ്വദേശി ശാരദ(25) ആണ് അറസ്റ്റിലായത്. ഒരു മാസം മുമ്പാണ് ഒന്നര വയസുകാരന്‍ സ്വസ്ഥിക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കാട്ടുകുക്കെ പെരളത്തടുക്കയില്‍ ഡിസംബര്‍ നാലാം തീയതിയാണ് സംഭവം നടന്നത്. പെരളത്തടുക്കയിലെ ബാബുവിന്റെയും ശാരദയുടെയും മകനാണ് സ്വസ്ഥിക്ക്.
വീടിനടുത്തുള്ള പൊതു കിണറ്റില്‍ ആണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ സംശയം ഉന്നയിച്ചതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശാരദ അറസ്റ്റിലായത്.
സംഭവ ദിവസം ശാരദ കുട്ടിയെയും എടുത്ത് കിണറ്റിനടുത്തേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. തിരിച്ചുവരുമ്പോള്‍ കുട്ടി കൈയ്യിലുണ്ടായിരുന്നില്ല. ഇതിനുശേഷം നടത്തിയ തിരച്ചിലില്‍ ആണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാരദയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് മാനസികാസ്ഥ്യമുള്ളതായും പറയപ്പെടുന്നു. ഭര്‍ത്താവുമായി വഴക്കിടുന്നതും പതിവായിരുന്നു.
Content Highlight: Mother arrested for killing son