പാലക്കാട്:  തൃത്താല ആലൂരില്‍ അമ്മയെയും രണ്ട് മക്കളെയും വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അട്ടയില്‍പ്പടി കുട്ടി അയ്യപ്പന്റെ മകളായ ശ്രീജ, മക്കളായ അഭിഷേക്, അഭിനവ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീജ മക്കളുമായി കിണറ്റില്‍ചാടി ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. 

കഴിഞ്ഞദിവസം രാത്രി മുതല്‍ ശ്രീജയെയും മക്കളെയും കാണാനില്ലെന്ന് വീട്ടുകാര്‍ തൃത്താല പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ ഒരു കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി കിണറ്റില്‍ തിരച്ചില്‍ നടത്തുകയും മറ്റ് രണ്ട് മൃതദേഹങ്ങള്‍ കൂടി പുറത്തെടുക്കുകയും ചെയ്തു. 

മേഴത്തൂര്‍ സ്വദേശി യതീന്ദ്രനാണ് ശ്രീജയുടെ ഭര്‍ത്താവ്. ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവുമായി വഴക്കിട്ട് ശ്രീജ സ്വന്തം വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ട്. കഴിഞ്ഞ നാലുമാസമായി ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. സംഭവത്തില്‍ തൃത്താല പോലീസ് കേസെടുത്തു. 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: mother and two kids found dead in well in trithala palakkad