നാഗർകോവിൽ: അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവിന്റെ വേർപാടിൽ മനംനൊന്ത്, രണ്ട് കുട്ടികളെ ഉറക്കഗുളിക കൊടുത്ത് കൊലപ്പെടുത്തിയ യുവതി സ്വയം തീകൊളുത്തി മരിച്ചതാണെന്ന് പോലീസ് പറഞ്ഞു.

നാഗർകോവിൽ നെസവാളർ കോളനിയിലെ രാമദാസിന്റെ ഭാര്യ രാശി(28) മക്കളായ അക്ഷയ(5), അനുഷ്യ(3) എന്നിവരാണ് മരിച്ചത്. ഒരു വർഷം മുമ്പ് രാമദാസ് രോഗബാധിതനായി മരിച്ചതിന് ശേഷം, രാശിയും മക്കളും രാമദാസിന്റെ അച്ഛനമ്മമാർക്കൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ വീട്ടിലെ കുളിമുറിയിൽ ശബ്ദം കേട്ട് വീട്ടുകാർ എത്തുമ്പോഴാണ് രാശിയെ കത്തിക്കരിഞ്ഞനിലയിൽ കണ്ടത്.

വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ കുട്ടികളെ തിരക്കിയപ്പോൾ മുറിക്കുള്ളിൽ മയങ്ങികിടക്കുന്ന നിലയിൽ കണ്ടു. തുടർന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. വിവരം അറിഞ്ഞ നേശമണി നഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡി.വൈ.എസ്.പി. വേണുഗോപാലും തെളിവെടുപ്പ് നടത്തി. രാശി ബന്ധുക്കൾക്ക് എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു.

Content Highlights:mother and two daughters found dead at their home in nagarcoil