ചാവക്കാട്: ഇരട്ടപ്പുഴ മണവാട്ടി പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയെയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലാങ്ങാട് ചക്കാണ്ടന്‍ ഷണ്‍മുഖന്റെ മകള്‍ ജിഷ (24)യെയും മകള്‍ ദേവാംഗനയെയുമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ലാല്‍ ഒന്നരമാസം മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. പേരകത്തെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ചൊവ്വാഴ്ച പോകാനിരിക്കെയാണ് മരണം. മകളെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം ജിഷയും തൂങ്ങിമരിച്ചുവെന്നാണ് കരുതുന്നത്. തഹസില്‍ദാര്‍ വി.വി. രാധാകൃഷ്ണന്‍, എസ്.എച്ച്.ഒ. കെ.പി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയഭാരതിയാണ് ജിഷയുടെ അമ്മ. സഹോദരങ്ങള്‍: ഷിജിത്ത്, ജനീഷ.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: mother and daughter found dead in their home in chavakkad