ന്യൂഡല്‍ഹി:  ഡല്‍ഹി ഷാലിമാര്‍ ബാഗില്‍ അമ്മയെയും മകളെയും നടുറോഡിലിട്ട് ആക്രമിച്ച സംഭവത്തില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. മേഘ(22) നേഹ(20) എന്നിവരെയാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. 

നവംബര്‍ 19-ന് രാത്രിയിലാണ് ഷാലിമാര്‍ ബാഗിലെ ഒരു കോളനിയില്‍ അമ്മയ്ക്കും മകള്‍ക്കും നേരേ ആക്രമണമുണ്ടായത്. രണ്ട് യുവതികളും യുവാക്കളും അടങ്ങുന്ന സംഘം കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയ പെണ്‍കുട്ടിയെയും അമ്മയെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ആശുപത്രി വിട്ടതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. 

രണ്ട് യുവതികളും നാല് യുവാക്കളും ചേര്‍ന്ന് ആക്രമിച്ചെന്നായിരുന്നു അമ്മയുടെയും മകളുടെയും പരാതി. ആംആദ്മി എം.എല്‍.എ. വന്ദനാകുമാരിയുടെ അനുയായികളാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിനിടെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

പാര്‍ക്ക് ചെയ്ത കാറില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. തുടര്‍ന്ന് രണ്ട് യുവതികള്‍ ഇവര്‍ക്ക് നേരേ നടന്നുവരികയും ഒരു പെണ്‍കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ഇത് തടയാനായി കാറിലുണ്ടായിരുന്ന അമ്മയും പുറത്തിറങ്ങി. എന്നാല്‍ യുവതികളും ഒപ്പമുണ്ടായിരുന്ന യുവാക്കളും ചേര്‍ന്ന് അമ്മയെ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പുറത്തുവന്നെങ്കിലും യുവതികളുടെ നേതൃത്വത്തില്‍ അമ്മയെയും മകളെയും ആക്രമിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പോലീസും ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സംഭവത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആംആദ്മി എം.എല്‍.എ. വന്ദനാകുമാരി പ്രതികരിച്ചു. പരാതിക്കാരി തന്റെ അയല്‍പക്കത്ത് താമസിക്കുന്നയാളാണ്. എല്ലാപ്രശ്‌നങ്ങള്‍ക്കും തന്നെ കുറ്റപ്പെടുത്തുന്നത് അവരുടെ രീതിയാണ്. ഈ സംഭവത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും എം.എല്‍.എ. പറഞ്ഞു. 

Content Highlights: mother and daughter beaten up by two woman and others in delhi cctv visuals