ലഖ്നൗ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ ബംഗ്ലാവ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ശനിയാഴ്ച രാവിലെയോടെയാണ് കാൺപുർ ജില്ലാ ഭരണകൂടം ജെ.സി.ബികൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. വ്യാഴാഴ്ച രാത്രി വികാസ് ദുബെയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിലെ എട്ടു പേരെ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽപോയ വികാസ് ദുബെയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഉത്തർ പ്രദേശ് പോലീസ് അറിയിച്ചു. 25 പ്രത്യേക സംഘങ്ങളെയാണ് വികാസ് ദുബെയെ കണ്ടെത്താനുള്ള അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. ഉത്തർ പ്രദേശിലെ വിവിധ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും അന്വേഷണം തുടരുകയാണെന്നും കാൺപുർ ഐ.ജി. മോഹിത് അഗർവാൾ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ദുബെയുടെ ലഖ്നൗ കൃഷ്ണനനഗറിലെ വീട്ടിലും പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. അഞ്ഞൂറിലധികം മൊബൈൽ നമ്പറുകൾ നിലവിൽ പോലീസിന്റെ നിരീക്ഷണത്തിലാണ്. ദുബെയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു.

അതിനിടെ, വ്യാഴാഴ്ച രാത്രിയിലെ റെയ്‌ഡ് വിവരം വികാസ് ദുബെയ്ക്കും സംഘത്തിനും ചോർത്തിനൽകിയെന്ന് സംശയിക്കുന്ന പോലീസുകാരനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. വിനയ് തിവാരി എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഉത്തർ പ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തത്. ദുബെയെ തിരഞ്ഞ് പോലീസ് വരുന്ന വിവരം ഇയാൾ നേരത്തെ ചോർത്തി നൽകിയെന്നാണ് സംശയം.

Content Highlights:most wanted criminal vikas dubeys bungalow demolished in kanpur