മുംബൈ: ആയുർവേദ ഡോക്ടർ എന്നനിലയിൽ വിവിധയിടങ്ങളിൽ ക്ലിനിക്കുകൾ തുറന്ന് അവിടെയുള്ള ജനങ്ങളെ വഞ്ചിച്ച് വിലസുകയായിരുന്നു തുളസീദാസ്. കാമൊത്തെയിൽ ആയുർവേദത്തിന്റെ മറവിൽ മസാജ് പാർലർ നടത്തുന്നതിനിടെയാണ് ഇയാൾക്കെതിരേ കൊല്ലം പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

2020 മാർച്ചിൽ കോവിഡ് തുടക്കകാലത്താണ് പത്രത്തിൽ ലുക്കൗട്ട് നോട്ടീസ് വന്നത്. ലുക്കൗട്ട് നോട്ടീസിൽ നൽകിയ കൊല്ലം എസ്.പി. നമ്പറിലേക്കും മറ്റുനമ്പറിലേക്കും ഇയാൾ നവിമുംബൈയിലുണ്ടെന്ന് അറിയിച്ച് വിവിധയിടങ്ങളിൽനിന്ന് ആളുകൾ ഫോൺ ചെയ്തെങ്കിലും കോവിഡായതിനാൽ തുളസീദാസ് രക്ഷപ്പെട്ടുനിൽക്കുകയായിരുന്നു.

അതോടെ കാമൊത്തെയിലെ സെക്ടർ 19-ലെ ക്ലിനിക് നിർത്തി, സെക്ടർ 36-ലിലേക്ക് മാറുകയായിരുന്നു. ഇതോടൊപ്പം ഖാർഘറിലും ഇയാൾ ആയുർവേദ മസാജ് ക്ലിനിക് തുടങ്ങി. ഇതിനിടയിൽ 2017-ൽ വസായിൽ 30 ലക്ഷത്തോളം പണം വഞ്ചിച്ച സംഭവത്തിൽ ഇരകളായവർ ഇയാളെ തേടിനടക്കുകയായിരുന്നു. അങ്ങനെ ഖാർഘറിലും കാമൊത്തെയിലുമുള്ള ആയുർവേദസെന്ററുകൾ തേടിയിറങ്ങിയ ശശീന്ദ്രകുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടർ തുളസീദാസിനെ ശനിയാഴ്ച കാമൊത്തെയിൽ വെച്ച് കണ്ടെത്തുകയായിരുന്നു.

ഇയാളെ പിടികൂടിയ ഇവർ കാമൊത്തെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അതോടെയാണ് സാമൂഹികപ്രവർത്തകരും പത്രപ്രവർത്തകരും ഇടപെട്ട് കേരളത്തിൽനിന്ന് പോലീസിനെ മുംബൈയിൽ എത്തിച്ച് ഇയാളെ കസ്റ്റഡിയിൽ എടുപ്പിക്കുന്നത്.

തുളസീദാസ് സാന്താക്രൂസിലെ വക്കോളയിൽ ആയുർവേദ ക്ലിനിക് നടത്തി ഒട്ടേറെപ്പേരെ സാമ്പത്തികവഞ്ചന നടത്തിയിട്ടുണ്ട്. കേരളത്തിലെത്തി അവിടെയും വിവിധയിടങ്ങളിൽ ഒട്ടേറെപ്പേരെ വിദേശജോലി വാഗ്ദാനംചെയ്ത് വഞ്ചിച്ചു. പിന്നീട് ബെംഗളൂരുവിലും 2017-ൽ വസായിലുമെത്തി. അവിടെനിന്നാണ് നവിമുംബൈയിലെത്തുന്നത്. പോകുന്ന എല്ലാസ്ഥലത്തും വഞ്ചനനടത്തി പണം സമ്പാദിക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

കേരളത്തിൽ എത്തിച്ചു

മുംബൈ: വിദേശ രാജ്യങ്ങളിൽ ജോലി വാദ്ഗാനംചെയ്ത് തട്ടിപ്പു നടത്തി കേരളത്തിൽനിന്ന് മുങ്ങിയ പിടികിട്ടാപ്പുള്ളി തുളസീദാസിനെ കേരള പോലീസെത്തി കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച മുതൽ നവിമുംബൈ കാമൊത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു തുളസീദാസ്. ഞായറാഴ്ച രാവിലെ പനവേലിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ കേരള പോലീസിന് വിട്ടുകൊടുത്തു. ഞായറാഴ്ച എയർ ഇന്ത്യ വിമാനത്തിൽ ഇയാളെ കേരളത്തിലെത്തിച്ചു. ഇയാൾക്കെതിരെ കൊല്ലം പോലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇയാൾ പിടിയിലായതറിഞ്ഞ് കൊല്ലത്തുനിന്ന് പോലീസ് സംഘം ഞായറാഴ്ച രാവിലെ മുംബൈയിലെത്തി. കേരളത്തിൽനിന്നുള്ള പോലീസുദ്യോഗസ്ഥരായ എസ്.ഐ. സമ്പത്ത്, സീനിയർ സി.പി.ഒ. സുനിൽ, സി.പി.ഒ. അനിൽ എന്നിവരാണ് മുംബൈയിലെത്തി തുളസീദാസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേരളത്തിൽ 12 സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയതായി കേരളത്തിൽനിന്നെത്തിയ പോലീസുദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ തിങ്കളാഴ്ച കൊല്ലം കോടതിയിൽ ഹാജരാക്കും. കേരളത്തിൽ മിക്ക ജില്ലകളിലും തുളസീദാസിനെതിരെ വഞ്ചനക്കേസുണ്ട്. നവി മുംബൈയിലെ കരഞ്ചാടെയിൽ താമസിച്ചിരുന്ന തുളസീദാസിനെ വസായിൽ തട്ടിപ്പിനിരയായ ശശീന്ദ്ര കുറുപ്പ്, പ്രജിത്ത്, രാധാകൃഷ്ണൻ എന്നിവരാണ് പിടികൂടി കാമൊത്തെ പോലീസിൽ ഏല്പിച്ചത്. ഇവരുടെയും ബന്ധുക്കളുടെയും 30 ലക്ഷം രൂപ ഇയാൾ ജോലി വാഗ്ദാനം ചെയ്ത് തട്ടിയിരുന്നു. മലയാളി സാമൂഹ്യപ്രവർത്തകരും ഇതിനായി ഒന്നിച്ചു പ്രവർത്തിച്ചു. തട്ടിപ്പിനിരയായ വസായിലെയും ഡോംബിവ്ലിയിലെയും പരാതിക്കാരും സ്റ്റേഷനിൽ എത്തിയിരുന്നു. ഡോംബിവ്ലി നിവാസി മംഗളനെയും ഇയാൾ ഒന്നരലക്ഷം രൂപ വഞ്ചിച്ചിരുന്നു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ പേരെ ഇയാൾ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ട്.