ചെന്നൈ: തൂത്തുക്കുടി ജില്ലയില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ട കൊലപ്പെട്ടു. കൊലപാതകം അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ ദുരൈമുരുകനാണ് (39) പോലീസിന്റെ വെടിയേറ്റ് മരിച്ചത്.

കഴിഞ്ഞ ആഴ്ച തിരുനെല്‍വേലി ജില്ലയില്‍ നടന്ന ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ദുരൈമുരുകന്‍ തൂത്തുക്കുടിയിലെ പൊട്ടില്‍കാട് എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയ പോലീസ് സംഘത്തിനുനേരേ ഇയാള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും അപ്പോള്‍ പോലീസ് നിറയൊഴിച്ചുവെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ആറ്് കൊലക്കേസ് അടക്കം 90 കേസുകള്‍ ദുരൈമുരുകനെതിരേയുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച രണ്ടാമത്തെയാളാണ് ദുരൈമുരുകന്‍. ശ്രീപെരുംപുതൂരില്‍ സ്ത്രീയുടെ മാലകവര്‍ന്ന കേസിലെ പ്രതിയായ ഉത്തരേന്ത്യന്‍ സ്വദേശിയെ തിങ്കളാഴ്ചയാണ് പോലീസ് ഏറ്റുമുട്ടലിനിടെ വെടിവെച്ചുകൊന്നത്.