മല്ലപ്പള്ളി: നാട്ടുകാര്‍ പിടികൂടിയ മാല മോഷ്ടാവ് കൊടുംകുറ്റവാളിയെന്ന് പോലീസ്. റാന്നി കരികുളം കള്ളിക്കാട്ടില്‍ ബിനു തോമസ് (30) ആണ് പിടിയിലായത്.

തെള്ളിയൂര്‍ അനിത നിവാസില്‍ രാധാമണിയമ്മ (70) തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബാങ്കില്‍ പോയി മടങ്ങി വരുമ്പോള്‍ വഴി ചോദിക്കാനെന്ന വ്യാജേന ഇയാള്‍ അടുത്തെത്തി മാല തട്ടിയെടുക്കുകയായിരുന്നു. ഇതിനടുത്ത കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. ഇത് കണ്ട് സമീപവാസികള്‍ തിരച്ചില്‍ നടത്തി ആളെ പിടിക്കുകയായിരുന്നു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിരവധി മോഷണ, പിടിച്ചുപറി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. ആളുകളെ ആക്രമിച്ചു ഭീതി പരത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ജയില്‍ മോചിതനായി. ഇതിനിടയില്‍ ഏകദേശം പത്തോളം പിടിച്ചുപറിയും മോഷണവും നടത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ വന്ന ആളുടെ ആഭരണങ്ങള്‍ കവര്‍ന്നു. മാവേലിക്കര റെയില്‍വേ സ്റ്റേഷനു സമീപം ബൈക്കിലെത്തി മുന്‍ അധ്യാപികയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് മൂന്ന് പവന്‍ മാല കവര്‍ന്നു. മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ സമീപം വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ചു മാല മോഷ്ടിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പല ഭാഗത്തുനിന്നും നിരവധി ബൈക്ക് മോഷണം നടത്തിയ കേസുകളിലും പ്രതിയാണ്. ഇവിടെല്ലാം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. 2014-ല്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടില്‍ പകല്‍ സമയം വെള്ളം ചോദിച്ച് എത്തി അകത്തുകയറി റിട്ടേര്‍ഡ് ഐ.ബി. ഉദ്യോഗസ്ഥനെയും ഭാര്യയെയും മര്‍ദിച്ചശേഷം ഇവരെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസിലും പ്രതിയായിരുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചശേഷം ആളുകളെ മാരകമായി ഉപദ്രവിച്ചാണ് ഇയാള്‍ മോഷണം നടത്തുന്നത്.