ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വാഗ്ദാനം ചെയ്ത് ആയിരത്തോളം നിക്ഷേപകരില്‍നിന്ന് പണം തട്ടിയ സംഭവത്തില്‍ മലപ്പുറം സ്വദേശി നിഷാദ് കിളിയിടുക്കലിന്റെയും കൂട്ടാളിയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തിങ്കളാഴ്ച കണ്ടുകെട്ടി. 36.72 കോടി രൂപയിലേറെ മതിപ്പുവരുന്ന സ്ഥാവര, ജംഗമവസ്തുക്കളാണ് കണ്ടുകെട്ടിയത്. നിഷാദിന്റെ ബാങ്ക് അക്കൗണ്ടുകള്‍, കമ്പനികള്‍ എന്നിവയും കൂട്ടാളിയുടെ ഭൂമിയും കുറ്റകൃത്യത്തിന്റെ ഭാഗമായി ഇവര്‍ വാങ്ങിയ ക്രിപ്‌റ്റോകറന്‍സികള്‍ക്കു തുല്യമായ ഇന്ത്യന്‍ രൂപയും ഇതിലുള്‍പ്പെടും.

മോറിസ് കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സി വാഗ്ദാനം ചെയ്ത് നിഷാദും സംഘവും രാജ്യവ്യാപകമായി 1200 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. നിഷാദിന്റെ കമ്പനികളായ ലോങ് റിച്ച് ഗ്ലോബല്‍, ലോങ് റിച്ച് ടെക്‌നോളജീസ്, മോറിസ് ട്രേഡിങ് സൊലൂഷന്‍സ് എന്നിവയിലൂടെയാണ് നിക്ഷേപകരില്‍നിന്ന് പണം സ്വീകരിച്ചത്.

മോറിസ് കോയിന്‍ പരിചയപ്പെടുത്തി വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടികളും ആകര്‍ഷകമായി രൂപകല്പന ചെയ്ത വെബ്‌സൈറ്റുകളുംവഴിയാണ് ഇവര്‍ നിക്ഷേപകരെ ആകര്‍ഷിച്ചതെന്ന് ഇ.ഡി. പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ നിര്‍ദിഷ്ട ഏജന്‍സികളുടെ നിയമപരമായ അംഗീകാരമില്ലാതെ അനധികൃതമായാണ് ഇവര്‍ പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചത്. വന്‍തുക തിരിച്ചുകിട്ടുമെന്ന് പറഞ്ഞ് അവരെ പറ്റിച്ചു. ഇങ്ങനെ സ്വീകരിച്ച നിക്ഷേപം നിഷാദും കൂട്ടാളികളും നടത്തിയിരുന്ന കമ്പനികളിലൂടെ വഴിമാറ്റി. ഈ പണം ഭൂമിയും വിവിധ ക്രിപ്‌റ്റോകറന്‍സികളും ആഡംബരക്കാറുകളും വാങ്ങാനും ആഡംബരഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പാര്‍ക്കാനും ചെലവഴിച്ചുവെന്ന് ഇ.ഡി. പറയുന്നു.

എഥീറിയം, ബി.ടി.സി. ബി.എന്‍.ബി., വൈ.എഫ്.ഐ., വെറ്റ്, അഡ, യു.എസ്.ഡി.ടി. എന്നിവ പോലുള്ള ക്രിപ്‌റ്റോകറന്‍സികളാണ് ഇവര്‍ വാങ്ങിയത്. 25,82,794 രൂപയാണ് ഇവയുടെ ആകെ മൂല്യം. ഇവയെല്ലാം ഇന്ത്യന്‍ രൂപയിലേക്കുമാറ്റി ഇ.ഡി. കണ്ടുകെട്ടി.

മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നിക്ഷേപകര്‍ നല്‍കിയ പരാതിപ്രകാരം കേരള പോലീസെടുത്ത കേസുകള്‍ പഠിച്ചാണ് ഇ.ഡി. കേസെടുത്തത്.