പോര്‍ട്ട് ഔ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ തടവുകാര്‍ കൂട്ടത്തോടെ ജയില്‍ചാടി. ക്രോയിക്‌സ് ഡെസ് ബുക്കേസ് ജയിലിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 400-ലധികം തടവുകാര്‍ ജയില്‍ചാടിയത്. കലാപത്തിലും മറ്റും ജയില്‍ ജയില്‍ ഉദ്യോഗസ്ഥനടക്കം 25 പേര്‍ കൊല്ലപ്പെട്ടു. തടവുചാടിയ ചില കുറ്റവാളികളെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയും ചിലരെ പിടികൂടുകയും ചെയ്തു. 

ജയിലിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറ് തടവുകാരും ജയിലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായി ഹെയ്തി കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫ്രാന്റ്‌സ് എക്‌സാന്റസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാക്കിയുള്ളവരെല്ലാം ജയിലിന് സമീപത്തുണ്ടായിരുന്ന സാധാരണക്കാരാണെന്നും രക്ഷപ്പെടുന്നതിനിടെ തടവുകാരാണ് ഇവരെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ടവരില്‍ 60 തടവുകാരെ പിന്നീട് പിടികൂടിയതായും അദ്ദേഹം അറിയിച്ചു. 

haiti
Photo: AFP

വ്യാഴാഴ്ച ഉച്ചയോടെയാണ് ജയിലില്‍ കലാപമുണ്ടായത്. തുടര്‍ന്ന് തടവുകാര്‍ കൂട്ടത്തോടെ രക്ഷപ്പെടുകയായിരുന്നു. ജയിലില്‍നിന്ന് ആദ്യം വെടിയൊച്ചകള്‍ കേട്ടതായും പിന്നീട് തടവുകാരെല്ലാം പുറത്തേക്ക് ഓടിവരുന്നതാണ് കണ്ടതെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. ചില തടവുപുള്ളികള്‍ രക്ഷപ്പെട്ട ശേഷം തൊട്ടടുത്ത വസ്ത്ര വില്‍പ്പനശാല കൊള്ളയടിക്കുകയും ചെയ്തു. ഇവിടെനിന്ന് ബലമായി പുതിയ വസ്ത്രങ്ങള്‍ പിടിച്ചുവാങ്ങിയ ശേഷമാണ് പലരും രക്ഷപ്പെട്ടത്. 

haiti
Photo: AP

അതിനിടെ, ജയില്‍ ചാടിയവരില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ കുറ്റവാളി ആര്‍ണല്‍ ജോസഫിനെ മണിക്കൂറുകള്‍ക്കകം പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. കൈകളില്‍ വിലങ്ങ് ധരിച്ച് മറ്റൊരാളോടൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്ന ആര്‍ണല്‍ ജോസഫിനെ റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഹെയ്തിയിലെ പിടികിട്ടാപ്പുള്ളികളിലൊരാളായിരുന്ന ആര്‍ണല്‍ 2019-ലാണ് പിടിയിലായത്. 

haiti jail
Photo: AP

2012-ലാണ് ഹെയ്തിയില്‍ ക്രോയിക്‌സ് ഡെസ് ബുക്കേസ് ജയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 872 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഇവിടെ സംഭവസമയത്ത് 1500-ലേറെ തടവുകാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 

ഇതിന് മുമ്പും ഹെയ്തിയില്‍ സമാനമായ ജയില്‍ചാട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019-ല്‍ അഖ്വിന്‍ ജയിലില്‍നിന്ന് 78 തടവുകാരും അതിന് രണ്ടു വര്‍ഷം മുമ്പ് ആര്‍ക്കേയിലെ ജയിലില്‍നിന്ന് 173 തടവുകാരും കൂട്ടത്തോടെ രക്ഷപ്പെട്ടിരുന്നു. 

Content Highlights: more than 400 inmates escaped from prison in haiti after breakout