ചെന്നൈ: വിദ്യാർഥികളോട് അശ്ലീലമായി പെരുമാറിയതിന് ചെന്നൈ പദ്മശേഷാദ്രി ബാലഭവൻ സ്കൂളിലെ അധ്യാപകനെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ പരാതികളുമായി മറ്റു സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും രംഗത്ത്. കൂടുതലും പൂർവവിദ്യാർഥികളാണ് ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും മീ ടൂ വെളിപ്പെടുത്തലുകൾ നടത്തുന്നത്.

പദ്മശേഷാദ്രി ബാലഭവനിലെ അധ്യാപകൻ ജി. രാജഗോപാലനെ പോക്സോ പ്രകാരമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാൾക്കെതിരേ ഒരു വിദ്യാർഥിനി ലൈംഗിക പീഡനപരാതി ഉന്നയിച്ചതോടെ നിരവധി വിദ്യാർഥിനികൾ അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇത്തരം സംഭവങ്ങളുടെ സ്ക്രീൻ ഷോട്ടുകളും വ്യാപകമായി പ്രചരിച്ചു. ഇതേ സ്കൂളിലെ മറ്റു ചില അധ്യാപകർക്കെതിരേയും പരാതികളുണ്ടായി.

ചെന്നൈയിലെത്തന്നെ മറ്റൊരു പ്രമുഖ സ്കൂളായ ചെട്ടിനാട് വിദ്യാശ്രമത്തിലെ പൂർവവിദ്യാർഥികളും ഇൻസ്റ്റഗ്രാമിൽ അധ്യാപകരുടെ ലൈംഗിക പീഡനത്തെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തി. മൂന്ന് അധ്യാപകരുടെ പേരിലാണ് പ്രധാനമായും പരാതി. കായിക അധ്യാപകനാണ് ഇതിലൊരാൾ. ക്ലാസ് മുറിക്കകത്തും പുറത്തും പല തരത്തിലുള്ള ഉപദ്രവങ്ങൾ നടത്തിയിട്ടുണ്ടെന്ന് വിദ്യാർഥിനികൾ വെളിപ്പെടുത്തി. മോശമായി പെരുമാറുന്ന മറ്റു ചില അധ്യാപകരുടെ വിവരങ്ങളും പങ്കുവെച്ചു. പരാതികൾ പലപ്പോഴും സ്കൂൾ മാനേജ്മെന്റ് ഗൗരവത്തോടെ കണ്ടില്ലെന്നും അധ്യാപകരെ വെറുതെ തെറ്റിദ്ധരിക്കുന്നതാണെന്നുള്ള ഉപദേശമാണ് നൽകാറുള്ളതെന്നും ചില വിദ്യാർഥിനികൾ ആരോപിച്ചു.

1990-കളിലും 2000-ത്തിലുമൊക്കെ സ്കൂളിൽ പഠിച്ചവരും ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത മാത്രം കണക്കിലെടുത്ത് അധ്യാപക നിയമനം നടത്തരുതെന്നും സ്വഭാവഗുണവും മുൻകാല വിവരങ്ങളും അടക്കം മനസ്സിലാക്കണമെന്നും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ പറയുന്നു.

അധ്യാപകന്റെ ലൈംഗികാതിക്രമം: സ്കൂൾ അധികൃതരെ ചോദ്യംചെയ്യും

ചെന്നൈ: വിദ്യാർഥിനികൾക്ക് നേരേ അധ്യാപകൻ ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ സ്കൂൾ അധികൃതരെ ശിശുക്ഷേമസമിതി ചോദ്യംചെയ്യും. കെ.കെ. നഗർ പത്മശേഷാദ്രി ബാലഭവൻ സ്കൂൾ പ്രിൻസിപ്പൽ ഗീത ഗോവിന്ദരാജൻ, ഡീൻ ഷീല രാജേന്ദ്രൻ എന്നിവരോട് 31-ന് ചോദ്യംചെയ്യലിന് ഹാജരാകാൻ ജില്ലാ ശിശുക്ഷേമസമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണംനടത്താൻ ദേശീയ ബാലാവകാശകമ്മിഷൻ നിർദേശം നൽകിയതിനെത്തുടർന്നാണ് നടപടി. കേസിലെ പ്രതിയായ അധ്യാപകൻ രാജഗോപാലനെതിരേ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

സ്കൂൾ അധികൃതരെ ചോദ്യംചെയ്ത പോലീസ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നതുസംബന്ധിച്ച തെളിവ് ശേഖരിച്ചു. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ വിവരങ്ങൾ, റെക്കോഡ്ചെയ്ത വീഡിയോകൾ, മറ്റ് രേഖകൾ എന്നിവ നൽകാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.

മുമ്പ് വിദ്യാർഥിനികളുടെ പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ പ്രത്യേക സമിതി രൂപവത്‌കരിച്ച് അന്വേഷണം നടത്തണമെന്നും ജാതി ആരോപണത്തിലൂടെ ശ്രദ്ധ മാറ്റരുതെന്നും ആവശ്യപ്പെട്ടു. മറ്റ് സ്കൂളുകളിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുള്ളതായും പറയപ്പെടുന്നുണ്ടെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തണമെന്നും കമൽ ആവശ്യപ്പെട്ടു.

Content Highlights:more me too sexual harassment allegations against chennai school teachers