കൊച്ചി:  വ്യാജരേഖകള്‍ ചമച്ച് ബാങ്കുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി റെജി മലയിലിനെതിരേ കൂടുതല്‍ പരാതികള്‍. വ്യാജരേഖകള്‍ കാണിച്ച് വീടും സ്ഥലവും പണയംവെപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. അങ്കമാലി കുറുമാശ്ശേരി സ്വദേശി പ്രകാശന്റെ മകന്‍ നന്ദുവാണ് പരാതിയുമായി രംഗത്തെത്തിയത്. ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് വന്നപ്പോളാണ് തട്ടിപ്പിനിരയായ വിവരം തന്റെ അച്ഛന്‍ അറിഞ്ഞതെന്നും ഇതിന്റെ മനോവിഷമത്തിലാണ് അച്ഛന്‍ മരിച്ചതെന്നും നന്ദു പറഞ്ഞു. തട്ടിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് റെജി മലയില്‍ പ്രകാശന്റെ പേരിലുണ്ടായിരുന്ന നാല് സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും രേഖകള്‍ സ്വന്തമാക്കിയത്. ഈ രേഖകള്‍ ഈട് നല്‍കി 35 ലക്ഷം രൂപയ്ക്കാണ് റെജി മലയില്‍ വായ്പയെടുത്തത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബാങ്കിന്റെ ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് പ്രകാശന്‍ ഈ വിവരമറിയുന്നത്. അപ്പോഴേക്കും പലിശയെല്ലാം അടക്കം തിരിച്ചടക്കേണ്ട തുക 65 ലക്ഷത്തോളമായിരുന്നു. ജപ്തി നോട്ടീസ് കിട്ടി വൈകാതെ തന്നെ പ്രകാശന്‍ ഹൃദയഘാതത്തെത്തുടര്‍ന്ന് മരിക്കുകയും ചെയ്തു. 

നേരത്തെ രണ്ട് വായ്പകള്‍ തിരിച്ചടക്കാതിരുന്ന റെജി മലയിലിന് ബാങ്ക് ഉദ്യോഗസ്ഥര്‍ വീണ്ടും വലിയ തുക വായ്പയായി നല്‍കിയെന്നാണ് പ്രകാശന്റെ മകന്‍ നന്ദുവിന്റെ ആരോപണം. സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

മലയില്‍ എന്റര്‍പ്രൈസസ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് എന്ന കമ്പനിയുണ്ടാക്കിയാണ് റെജി മലയില്‍ വായ്പ തട്ടിപ്പ് നടത്തിയിരുന്നത്. കമ്പനിയുടെ പേരില്‍ വ്യാജ രേഖകള്‍ നിര്‍മിച്ച് ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുകയായിരുന്നു. ഇതൊന്നും തിരിച്ചടക്കുകയും ചെയ്തിരുന്നില്ല. വ്യാജരേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്ത് ആഡംബര വാഹനങ്ങളും വാങ്ങിക്കൂട്ടി. ഇതിനുപുറമേ ആളുകളുടെ വസ്തുക്കള്‍ പണയംവെപ്പിച്ചും ലക്ഷങ്ങള്‍ തട്ടിയെടുത്തു. പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയവ വ്യാജമായി നിര്‍മിച്ചെന്നും ആരോപണമുണ്ട്. പരാതികള്‍ വന്നതോടെ കഴിഞ്ഞദിവസം റെജി മലയിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Content Highlights: more complaints against reji malayil bank loan fraud case